ചീറ്റകള്‍ ചത്ത പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വിലക്കെന്ന് റിപ്പോര്‍ട്ട്

0
175

ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകള്‍ ചത്ത പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വിലക്കെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വന്യജീവി അധികാരികള്‍ ജൂലൈ 18ന് പുറത്തിറക്കിയ മെമ്മോറാണ്ടത്തിലാണ് ഉദ്യോഗസ്ഥരെ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. ചീറ്റകളുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള ചുമതല മധ്യപ്രദേശിലെ ചീഫ് വൈള്‍ഡ് ലൈഫ് വാര്‍ഡനോ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോ മാത്രമാണുള്ളതെന്നും മെമ്മോയില്‍ പറയുന്നു.

മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൂട്ടി തയറാക്കിയ പത്രക്കുറിപ്പുകളിലൂടെയാകും മാധ്യമങ്ങളോട് സംവദിക്കുക. ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റി അംഗം കണ്‍വീനറാണ് മെമ്മോയില്‍ ഒപ്പിട്ടിരിക്കുന്നത്. ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുമായോ വിദഗ്ധരുമായോ പങ്കുവയ്‌ക്കേണ്ടതായ എല്ലാ വിവരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയ ഏജന്‍സിയായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കൃത്യമായ മേല്‍നോട്ടത്തിലാകും നല്‍കുക.

ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും വിദഗ്ധര്‍ക്കും പ്രതികരണങ്ങള്‍ അറിയിക്കാനും ചീറ്റകള്‍ ചത്ത സാഹചര്യം വിശദീകരിക്കാനുമുള്ള അവസരമാണ് വിലക്ക് മൂലം നഷ്ടമാകുന്നത്. കുനോയിലെ ചീറ്റപ്പുലികളുടെ മരണങ്ങളെല്ലാം സ്വാഭാവിക കാരണങ്ങളാല്‍ സംഭവിച്ചതാണെന്ന് എന്‍ടിസിഎ പ്രസ്താവന ഇറക്കി രണ്ട് ദിവസത്തിന് ശേഷമാണ് പരസ്യമായ പ്രതികരണത്തിന് വിലക്കുണ്ടാകുന്നത്. കുനോ ദേശീയോദ്യാനത്തില്‍ എട്ട് ചീറ്റകളാണ് ചത്തത്. ഇനി 15 ചീറ്റകള്‍ മാത്രമാണ് കുനോയില്‍ അവശേഷിക്കുന്നത്.