പബ്ജി വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യന്‍ യുവതി

0
131

ഓണ്‍ലൈന്‍ ഗെയിമായ പബ്ജി വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ സീമ ഹൈദര്‍ എന്ന പാക് യുവതി ഇന്ത്യയിലേക്ക് കടന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് പോയിരിക്കുകയാണ് ഇന്ത്യന്‍ യുവതി. രാജസ്ഥാനിലെ ഭിവാദി ജില്ലയില്‍ നിന്നുള്ള വിവാഹിതയായ യുവതിയാണ് ഫേസ്ബുക്കിലൂടെ പ്രണയത്തിലായ യുവാവിനെ കാണാന്‍ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്ക് പോയിരിക്കുന്നത്.

താന്‍ കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോവുകയാണെന്നാണ് അഞ്ജു എന്ന യുവതി ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞത്. എന്നാല്‍ ഞായറാഴ്ച്ച, അഞ്ജു അതിര്‍ത്തി കടന്നതായി അരവിന്ദ് മാധ്യമങ്ങള്‍ വഴി അറിഞ്ഞു. വാട്സ്ആപ്പ് വഴി അഞ്ജു കുടുംബവുമായി ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് വിളിച്ച്, താന്‍ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നുമാണ് അഞ്ജു അരവിന്ദിനോട് പറഞ്ഞത്.

പാകിസ്ഥാനിലുളള അഞ്ജുവിന്റെ കാമുകനെക്കുറിച്ചുളള ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് അറിവുണ്ടെന്നും എന്നാല്‍ ഭാര്യ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് പറഞ്ഞു. ഭിവാഡിയിലാണ് അരവിന്ദ് ജോലി ചെയ്യുന്നത്. അഞ്ജു ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായും ജോലി ചെയ്യുന്നു. വിദേശത്ത് ജോലിക്ക് പോകാന്‍ ആഗ്രഹിച്ചതിനാല്‍ 2020 ലാണ് അഞ്ജു പാസ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന് അരവിന്ദ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിന് ശേഷമാണ് അഞ്ജു അരവിന്ദിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഭിവാഡിയിലെ ഒരു വാടക വീട്ടിലാണ് അരവിന്ദ്, ഭാര്യയ്ക്കും കുട്ടികള്‍ക്കും അഞ്ജുവിന്റെ സഹോദരനുമൊപ്പം താമസിച്ചിരുന്നത്.

രാജസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക്

29 കാരനായ തന്റെ ഫേസ്ബുക്ക് സുഹൃത്ത് നസ്റുല്ലയെ കാണാന്‍, ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ച്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്റുല്ലയും അഞ്ജുവും ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായതെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ ആദ്യം പോലീസ് കസ്റ്റഡിയിലെടുക്കുകയും യാത്രാരേഖകള്‍ പരിശോധിച്ച ശേഷം വിട്ടയക്കുകയും ചെയ്തു. ‘എല്ലാ യാത്രാ രേഖകളും പരിശോധിച്ച് ശരിയാണെന്നുറപ്പാക്കിയ ശേഷമാണ് യുവതിയെ പോകാന്‍ അനുവദിച്ചത്. മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും അത് രാജ്യത്തിന് നാണക്കേടുണ്ടാക്കാതെയിരിക്കാനുമാണ് സുരക്ഷ ഒരുക്കിയത്’ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.