കർണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി

0
105

കർണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണിയുണ്ടായ സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ഹൈക്കോടതി പിആര്‍ഒ കെ മുരളീധറിന്റെ പരാതിയിലാണ് നടപടി.

വാട്ട്സ്ആപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചതായാണ് മുരളീധറിന്റെ പരാതിയില്‍ പറയുന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിഎല്‍ അലൈഡ് ബാങ്ക് ലിമിറ്റഡില്‍ 50 ലക്ഷം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 12-ന് വൈകിട്ട് ഏഴ് മണിയോടെയാണ് മുരളീധറിന് തന്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. പണം കൈമാറിയില്ലെങ്കിൽ ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, എച്ച് ടി നരേന്ദ്ര പ്രസാദ്, അശോക് ജി നിജഗന്നവർ, എച്ച് പി സന്ദേശ്, കെ നടരാജൻ, ബി വീരപ്പ എന്നീ ആറ് ജഡ്ജിമാരെ വധിക്കുമെന്നാണ് ഭീഷണി.

താൻ ദുബായ് ഗ്യാങ്ങിന്റെ ഭാഗമാണെന്നും അ‍ജ്ഞാത സന്ദേശത്തില്‍ പറയുന്നതായും പരാതിക്കാരന്‍ വ്യക്തമാക്കി. ഒന്നിലധികം നമ്പറുകളിൽ നിന്ന് സന്ദേശം മുരളീധറിന് സന്ദേശം ലഭിച്ചിട്ടുണ്ട്.

ജൂലൈ 14-ന് സെൻട്രൽ സിഇഎന്‍ പോലീസ് ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 75, 66 എഫ് (സൈബർ തീവ്രവാദം), കൂടാതെ ഇന്ത്യൻ ശിക്ഷാനിയമം 506 (ഭീഷണിപ്പെടുത്തൽ), 507 (അജ്ഞാത ഭീഷണിപ്പെടുത്തൽ), 504 എന്നിവ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.