അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ താരം ലഹിരു തിരിമാനെ

0
157

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ താരം ലഹിരു തിരിമാനെ. സോഷ്യൽ മീഡിയയിൽ പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 13 വർഷത്തെ കരിയറിനാണ് 33 കാരനായ ഇടം കൈയ്യൻ ബാറ്റ്സ്മാൻ വിരാമമിടുന്നത്.

രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് അഭിമാനകരമാണ്. ഒരു കളിക്കാരനെന്ന നിലയിൽ, ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താൻ സാധിച്ചതായി വിശ്വസിക്കുന്നു. ക്രിക്കറ്റിനെ അപ്പോഴും ബഹുമാനിച്ചിരുന്നു. മാതൃരാജ്യത്തോടുള്ള കടമ സത്യസന്ധമായും ധാർമികമായും നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ്. 13 വർഷത്തിനിടയിൽ ലഭിച്ച മനോഹരമായ ഓർമ്മകൾക്ക് നന്ദി. യാത്രയ്ക്കിടയിലെ ആശംസകൾക്ക് നന്ദി – തിരിമാനെ ഫേസ്ബുക്കിൽ കുറിച്ചു.

“പ്രയാസകരമായ തീരുമാനമാണിത്. അറിഞ്ഞോ അറിയാതെയോ ഈ തീരുമാനം എടുക്കാൻ എന്നെ സ്വാധീനിച്ച പല അപ്രതീക്ഷിത കാരണങ്ങൾ ഇപ്പോൾ പരാമർശിക്കാനാവില്ല. SLC അംഗങ്ങൾ, എന്റെ പരിശീലകർ, ടീമംഗങ്ങൾ, ഫിസിയോ, മറ്റ് പരിശീലകർ, വിശകലന വിദഗ്ധർ എന്നിവരുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു.” – അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് കുമാർ സംഗക്കാരയുടെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമായിരുന്നു തിരിമാനെ. എന്നാൽ സ്ഥിരതയില്ലായ്മ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമായി. 2022 മാർച്ചിലാണ് അദ്ദേഹം അവസാനമായി ശ്രീലങ്കയ്ക്കായി പാഡണിഞ്ഞത്. ശ്രീലങ്കയ്‌ക്കായി 44 ടെസ്റ്റുകളും 127 ഏകദിനങ്ങളും 26 ടി20 മത്സരങ്ങളും തിരിമാനെ കളിച്ചു.