ഇറ്റാലിയൻ പ്രഫസറുടെ പ്രബന്ധം കോപ്പിയടിച്ച ഗവേഷകനായ ഷിബുവിന്റെ പിഎച്ച്ഡി രജിസ്ട്രേഷൻ കുസാറ്റ് റദ്ദാക്കി

0
116

ഇറ്റാലിയൻ പ്രഫസറുടെ പ്രബന്ധം കോപ്പിയടിച്ച ഗവേഷകന്റെ പിഎച്ച്ഡി രജിസ്ട്രേഷൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) റദ്ദാക്കി. കുസാറ്റിന്റെ കുട്ടനാട്ടിലെ കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ (കുസെക്) പാർട്ട്ടൈം റിസർച് സ്കോളറായ വി ഷിബുവിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ഇറ്റലി മിലാനോയിൽ നിന്നുള്ള പ്രഫസർ സ്റ്റെഫാനോ സനേറോവിന്റെ ഗവേഷണ ഉപന്യാസം വി ഷിബു കോപ്പിയടിച്ചെന്നു കാണിച്ചു 2022 ഓഗസ്റ്റ് 16-നാണു സർവകലാശാലയ്ക്കു പരാതി ലഭിച്ചത്.

ഡോ വി എൻ നാരായണൻ നമ്പൂതിരി കൺവീനറായുള്ള ഡീൻസ് കമ്മിറ്റിയുടെ അന്വേഷണത്തിൽ ഷിബുവിന്റെ പേരിലുള്ള പ്രബന്ധം സ്റ്റെഫാനോയുടെ പ്രബന്ധത്തിന്റെ പദാനുപദ കോപ്പിയാണെന്നും ചില ഖണ്ഡികകളും വരികളും വിട്ടുകളയുക മാത്രമാണ് ചെയ്തതെന്നും കണ്ടെത്തിയിരുന്നു.

ഏപ്രിലിൽ ചേർന്ന സിൻഡിക്കറ്റ് യോഗം ഷിബുവിനു കർശന താക്കീതു നൽകാനും 10,000 രൂപ പിഴയീടാക്കാനും തീരുമാനിച്ചു. ഷിബു സ്റ്റെഫാനോ സനേറോവിനു നിരുപാധികം മാപ്പപേക്ഷ നൽകണമെന്നും ആവശ്യപ്പെ‌ട്ടു. ഒരു മാസത്തിനകം മറുപടി നൽകണമെന്നു കാണിച്ചു സർവകലാശാല മേയ് 27-ന് ഷിബുവിനു മെമ്മോ നൽകിയിരുന്നു. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പിഎച്ച്ഡി രജിസ്ട്രേഷൻ തന്നെ കുസാറ്റ് റദ്ദാക്കിയത്.