പൊരിവെയിലിൽ അടച്ചിട്ട കാറിനുള്ളിൽ മണിക്കൂറുകളോളം തനിച്ചായ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
88

പൊരിവെയിലിൽ അടച്ചിട്ട കാറിനുള്ളിൽ മണിക്കൂറുകളോളം തനിച്ചായ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുഎസിലെ ഫ്‌ളോറിഡയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. 56 ഡിഗ്രി സെൽഷ്യസോളം താപനില ഉയർന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഒറ്റക്ക് ഇരുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ കെയർ ടേക്കറായ റോണ്ട ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കുഞ്ഞിനെ മണിക്കൂറുകളോളം കാറിൽ തനിച്ചിരുത്തിയതിനാണ് ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മറ്റ് രണ്ട് കുട്ടികൾക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു കെയർടേക്കറായ ജുവൽ. വീട് എത്തിയപ്പോൾ കുഞ്ഞ് ഉറക്കമായിരുന്നു. മറ്റ് കുട്ടികളുമായി ഇവർ വീടിനുള്ളിലേക്ക് കയറി. കാറിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കാര്യം ഇവർ മറന്നുപോയി.

പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം തിരികെയെത്തിയപ്പോഴേക്കും കുഞ്ഞ് അബോധ അവസ്ഥയിലായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടച്ചിട്ട കാറിൽ കുട്ടികളെ തനിച്ചിരുത്തി പോകുന്നത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.