അമ്പാടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് ബിജെപിക്കാർ അറസ്‌റ്റിൽ

0
162

ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗം എസ്‌ അമ്പാടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് ബിജെപിക്കാർ അറസ്‌റ്റിൽ. ഒന്നും മൂന്നും പ്രതികളായ സഹോദരങ്ങൾ കൃഷ്‌ണപുരം കാപ്പിൽമേക്ക് മുറിയിൽ ചന്ദ്രാലയം വീട്ടിൽ അമിതാബ് ചന്ദ്രൻ (38), അക്ഷയ് ചന്ദ്രൻ (27), രണ്ടാം പ്രതി സജിത്ത് ഭവനത്തിൽ വിച്ചു എന്ന വിജിത്ത് (29) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തിരിച്ചറിയൽ പരേഡ് നടത്തുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

കൃഷ്‌ണപുരം കാപ്പിൽ ചന്തയ്‌ക്ക്‌ കിഴക്ക് ഭാഗത്ത് ചൊവ്വ വൈകിട്ട് ആറോടെയാണ്‌ അമ്പാടിയെ കൊലപ്പെടുത്തിയത്. കൂട്ടുകാരനായ അനന്തുവിന്‌ മർദനമേറ്റ വിവരം അറിഞ്ഞാണ്‌ അമ്പാടിയും കൂട്ടുകാരും സ്ഥലത്തെത്തിയത്. അവിടെവച്ച് പ്രകോപനമില്ലാതെ അമിതാബ് ചന്ദ്രൻ കത്തികൊണ്ട്‌ അമ്പാടിയുടെ കഴുത്തിൽ കുത്തി.

വിജിത്ത് അനന്തുവിനെയും കുത്തി. റോഡിൽ വീണ അമ്പാടിയെ ഓട്ടോറിക്ഷയിൽ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അനന്തു പരിക്കുകളോടെ ചികിത്സയിലാണ്. അമ്പാടിയുടെ വീട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ സന്ദർശിച്ചു.