വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാലിന് 284 എന്ന ശക്തമായ നിലയിലാണ്. അഞ്ഞുറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കുന്ന വിരാട് കോഹ്ലിയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചത്. കോഹ്ലി 87 റൺസെടുത്ത് ക്രീസിലുണ്ട്. 84 പന്തിൽ 36 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഒപ്പമുള്ളത്. ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന പത്താമത്തെ ക്രിക്കറ്ററാണ് കോഹ്ലി.
നേരത്തെ, രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ എന്നിവരുടെ അർദ്ധസെഞ്ച്വറികൾ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. തുടർച്ചയായ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയാണ് ജയ്സ്വാൾ നേടിയത്. വേഗം കുറഞ്ഞ വിക്കറ്റിൽ ടോസ് നേടിയ വിൻഡീസ് നായകൻ ക്രെയ്ഗ് ബ്രാത് വെയ്റ്റ് ഫീൽഡിങ്ങ് തെരഞ്ഞെടുത്തു.
ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ചേർന്ന് വിൻഡീസ് ബോളർമാരെ അനായാസം കൈകാര്യം ചെയ്തു. ഇരുവരും അർദ്ധസെഞ്ച്വറി പിന്നിട്ടതോടെ, ഉച്ചഭക്ഷണ സമയത്ത് ഇന്ത്യ 121 എന്ന സ്‌കോറിലെത്തി.
ഉച്ചഭക്ഷണത്തിന് ശേഷം രോഹിതും യശസ്വിയും നന്നായി തുടങ്ങിയെങ്കിലും 57-ൽ എത്തിയപ്പോൾ തന്നെ ജയ്‌സ്വാൾ പുറത്തായി. പിന്നീടെത്തിയ ശുഭ്മാൻ ഗില്ലിന് 10 റൺസ് മാത്രമേ എടുക്കാനായുള്ളൂ.
80 റൺസെടുത്ത രോഹിത് ശർമ്മ പുറത്തായതിന് ശേഷം അജിങ്ക്യ രഹാനെ വിരാട് കോഹ്‌ലിയുമായി 27 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് രഹാനെ പുറത്തായി. മത്സരത്തിന്‍റെ രണ്ടാം സെഷനിൽ ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീഴ്ത്തി വെസ്റ്റ് ഇൻഡീസ് ബോളർമാർ ആധിപത്യം പുലർത്തി. ചായയ്ക്ക് ശേഷം, രവീന്ദ്ര ജഡേജ കോഹ്‌ലിക്കൊപ്പം ചേർന്നതോടെയാണ് തകർച്ചയിൽനിന്ന് ഇന്ത്യ ശക്തമായ നിലയിലേക്ക് കുതിച്ചത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 106 റൺസ് നേടിയിട്ടുണ്ട്.