തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് ഫെഫ്സി

0
188

തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു.

തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.

രാജ്യത്ത് തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡില്‍ ഇതരഭാഷാ താരങ്ങളും അഭിനയിക്കാറുണ്ട്. തമിഴ് സിനിമയില്‍ മലയാളി അഭിനേതാക്കള്‍ പ്രാധാന്യത്തോടെ എക്കാലത്തും എത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. കൂടാതെ ഫ്രെയ്മുകള്‍ കൊഴുപ്പിക്കാന്‍ മിക്ക തമിഴ് സൂപ്പര്‍താര ചിത്രങ്ങളിലും വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും പതിവാണ്. ഫെഫ്സിയുടെ പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയർത്തുകയാണ് പ്രേക്ഷകർ.