കരഞ്ഞു തളർന്ന് സുജയ; ഉമ്മൻ ചാണ്ടിയുടെ ആത്മാവിനെപ്പോലും കണ്ണീരണിയിക്കുന്ന റിപ്പോർട്ടിങ്

0
334

ജിനേഷ് ദേവസ്യ

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ മാധ്യമപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തകരും കടുത്ത വിമര്‍ശനത്തിന് പാത്രമാകുന്ന ഒരു കാലഘട്ടമാണിത്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തിലുള്ള കുറച്ചധികം കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് തൊഴിലുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ഉണ്ടായി എന്നത് സത്യമാണ് താനും.

എന്നാല്‍ അത്തരം കറകളെല്ലാം കഴുകിക്കളയുന്ന തരത്തിലുള്ള ഏറ്റവും ഉദാത്തമായ ഒരു മാധ്യമ റിപ്പോര്‍ട്ടിംഗിനാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചത്. പലര്‍ക്കും, പ്രത്യേകിച്ച് ദേശവിരുദ്ധശക്തികള്‍ക്കും അവരെ ഒളിഞ്ഞും തെളിഞ്ഞും പിന്‍താങ്ങുന്നവര്‍ക്കും ശത്രുവാണെങ്കിലും റിപ്പോര്‍ട്ടര്‍ ചാനലിലെ സുജയ പാര്‍വതിയായിരുന്നു ഈ കഥയിലെ തിളങ്ങുന്ന നായിക. മാധ്യമപ്രവര്‍ത്തനം ഹൃദയത്തില്‍ നിന്ന് വരുമ്പോള്‍ അതിന് ജനമനസുകളെ സ്പര്‍ശിക്കാതെ പോകാനാകില്ല എന്ന് കാലങ്ങള്‍ക്ക് ശേഷം വീണ്ടും തെളിയിക്കുകയായിരുന്നു സുജയ.

കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയായാത്രക്ക് നിലവില്‍ കേരളം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും പ്രഗല്‍ഭയായ മാധ്യമപ്രവര്‍ത്തകയെ അയയ്ക്കാനുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ തീരുമാനം എല്ലാ അര്‍ത്ഥത്തിലും ഉചിതവും സമഗ്രവുമായിരുന്നു. സുജയ മൈക്കുമായി അവിടെയെത്തി അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു. പല ഘട്ടങ്ങളിലും താന്‍ ചെയ്യുന്നത് വളരെ പ്രൊഫഷണലായ ഒരു ജോലിയാണെന്ന് മറന്ന് അവര്‍ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ടിംഗ് ചെയ്തതെന്ന് ആ വീഡിയോ കണ്ടവര്‍ക്ക് മനസിലാകും. ഉമ്മന്‍ ചാണ്ടി സാറിനായി കരയാന്‍ തയ്യാറായി വന്ന പല സംസ്ഥാന-പ്രാദേശിക നേതാക്കളെയും നോക്കുകുത്തിയാക്കിയാണ് സുജയ പൊട്ടിപ്പൊട്ടി കരഞ്ഞത്. കരയുക മാത്രമായിരുന്നില്ല, അതിനിടയില്‍ വളരെ ശ്രമകരമായി സുജയ റിപ്പോര്‍ട്ടിംഗ് കൂടി നിര്‍വഹിച്ചു എന്നത് മാധ്യമ ലോകത്തിനും പ്രസ്തുത കേരളത്തിനും തദ്വാര ഇന്ത്യക്കും തന്നെ അഭിമാനകരമായി മാറി.

ആ റിപ്പോര്‍ട്ടിംഗിനെക്കുറിച്ച് പറയുകയാണെങ്കില്‍ അത് തീര്‍ച്ചയായും മാധ്യമപ്രവര്‍ത്തന ലോകത്തിന് വരുംകാലങ്ങളിലേക്കുള്ള ഒരു റഫറന്‍സായി എടുത്തുവെക്കേണ്ടതാണ്. കരച്ചിലിന്റെ ഗതിവേഗങ്ങളടക്കിയും നിയന്ത്രിച്ചും, ഒരുവേള ഇപ്പോള്‍ മൈക്ക് ദൂരെയെറിഞ്ഞ് വീട്ടുകാരുടെ കൂടെ കൂടി പൂര്‍ണമായും കരച്ചിലിലേക്ക് മുഴുകുമോയെന്ന് വരെ അനുവാചകരെ സന്ദേഹിപ്പിച്ച ഒരു നടപടിയായിരുന്നു അത്. ദൃശ്യമാധ്യമരംഗത്തേക്ക് വരാനുതകുന്ന കുട്ടികളുടെ സിലബസില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു ഏടായി വേണം സുജയയുടെ റിപ്പോര്‍ട്ടിംഗിനെ പരിഗണിക്കാന്‍

വിമര്‍ശകര്‍ ഏറെയുള്ള മാധ്യമപ്രവര്‍ത്തകയാണ് സുജയ. എന്നാല്‍ ഈ ചെറുപ്രായത്തില്‍ തന്നെ സുരേഷ് ഗോപി സാറും കെ സുരേന്ദ്രന്‍ സാറും പോലുള്ള മഹദ് വ്യക്തിത്വങ്ങള്‍ മുഖേന ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ നേടിയ താരം കൂടിയാണ് സുജയ. ഉറച്ച ശബ്ദത്തില്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞുതന്നെയാണ് സുജയ ഇവിടെ വരെയെത്തിയത്. അക്കാര്യത്തില്‍ ഒരു കമ്മികളേയും സുഡാപ്പികളേയും മറ്റ് ദേശവിരുദ്ധരേയും കണ്ട് സുജയ മാറിനിന്നിട്ടില്ല താനും. കെ സുരേന്ദ്രന്‍ജിയെ കേരള മുഖ്യമന്ത്രിയാക്കുന്ന മഹാദൗത്യത്തില്‍ മാധ്യമലോകത്ത് നിന്ന് സുജയയുടെ ഇടപെടല്‍ ഫലം ചെയ്യുമെന്ന് പോലും ബിജെപി ക്യാംപുകളില്‍ വിദഗ്ധമായ അടക്കം പറച്ചിലുകളുണ്ട്.

വിമര്‍ശകര്‍ പറയുന്ന മറ്റൊരു കാര്യം മുട്ടില്‍ മരംമുറിക്കേസ് പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ എന്നാണ്. ആണെങ്കില്‍ സുജയ എന്ത് പിഴച്ചു? അവര്‍ നേരിട്ട് പോയി ഇന്നുവരെ ഒരു ചുള്ളിക്കമ്പ് പോലും മുറിച്ച് സംസ്ഥാന ഖജനാവിന് ഒരു രൂപ പോലും നഷ്ടം വരുത്തിയിട്ടില്ല. പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തുക്കളേ…