മണിപ്പൂർ കലാപം; പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സീതാറാം യെച്ചൂരി

0
135

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപടൊതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും സീതാറാം യെച്ചൂരി മാധ്യങ്ങളോട് പറഞ്ഞു.

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 75 ദിവസം വേണ്ടിവന്നു. പ്രധാനമന്ത്രി ഇത്രയും കാലം എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്ന് യെച്ചൂരി ചോദിച്ചു. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ മറുപടി പറയാത്തതെന്നും യെച്ചൂരി ചോദിച്ചു.

മെയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. എന്നിട്ടും നടപടിയുണ്ടായില്ല. ബിരേന്‍ സിംഗ് സര്‍ക്കാരിനെ മാറ്റുകയാണ് വേണ്ടത്. പെണ്‍കുട്ടികളെ ആക്രമിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. അതാണ് നിയമം, അത് നടപ്പിലാക്കണം. എന്തുകൊണ്ട് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു.