മലേഷ്യൻ പരമോന്നത ബഹുമതി കാന്തപുരത്തിന്

0
146

ലോക മുസ്ലിം പണ്ഡിതർക്കുള്ള പരമോന്നത മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു. ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായാണ് അവാർഡ് സമ്മാനിച്ചത്. പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാം​ഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം. ഹിജ്റ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കാന്തപുരം.

ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആ​ഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതർക്കാണ് 2008 മുതൽ എല്ലാ ഹിജ്റ വർഷാരംഭത്തിലും മലേഷ്യൻ സർക്കാർ ഈ അവാർഡ് സമ്മാനിക്കുന്നത്. സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ​ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്‌ലിം വേൾഡ് ലീ​ഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്റ പുരസ്കാരത്തിന് അർഹരായവരിൽ പ്രധാനികൾ.

സ്വദേശത്തും വിദേശത്തും ഇസ്‌ലാമിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗ​ഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരി​ഗണിച്ചാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമിക വിജ്ഞാനങ്ങളിലും മൂല്യങ്ങളിലും അ​ഗാധ പാണ്ഡിത്വമുള്ള അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക, വികസന രം​ഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. ഇസ്‌ലാമിക അധ്യാപനങ്ങൾ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാർത്ഥ വസ്തുതകളിലേക്ക് നയിക്കുന്ന ​ഗവേഷണങ്ങളിൽ ഏർപ്പെടുകയും പ്രചരിപ്പിക്കുകയും തന്റെ ശിഷ്യ​ഗണങ്ങൾക്ക് അത് പകർന്ന് നൽകുകയും ചെയ്യുന്നു. കാന്തപുരം നേതൃത്വം നൽ‍കുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പുരസ്കാര സമിതി വിലയിരുത്തി.

ഹിജ്റ പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോ​ദനമാണെന്നും പുരസ്കാരം സ്വീകരിച്ച ശേഷം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പഞ്ചദിന സന്ദർശനത്തിന് തിങ്കളാഴ്ചയാണ് കാന്തപുരം മലേഷ്യയിലെത്തിയത്. 22ന് സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.