ഔ​ദ്യോ​ഗിക ബഹുമതികൾ വേണ്ട; ഉമ്മൻ ചാണ്ടിയുടെ ആ​ഗ്രഹ പ്രകാരം സംസ്കാരം

0
102

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ ഔദ്യോ​ഗിക ബഹുമതികൾ ഉണ്ടാകില്ല. ഔദ്യോ​ഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാം​ഗങ്ങൾ രേഖാമൂലം അറിയിച്ച പശ്ചാത്തലത്തിലാണ് സ‍ർക്കാർ ഈ തീരുമാനത്തിലെത്തിയത്. കുടുംബാം​ഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനം.

ഔദ്യോ​ഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആ​ഗ്രഹം അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയെ പൂ‍ർണ ബഹുമതികളോടെ യാത്രയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോ​ഗത്തിൽ അഭിപ്രായപ്പെട്ടു. വ്യത്യസ്ത അഭിപ്രായം ഉയ‍ർന്നതോടെ ചീഫ് സെക്രട്ടറിയെ കുടുംബാം​ഗങ്ങളുമായി സംസാരിക്കാൻ ചുമതലപ്പെടുത്തി.

തുടർന്ന് ചീഫ് സെക്രട്ടറി കുടുംബാം​ഗങ്ങളുമായി സംസാരിക്കുകയും അതനുസരിച്ച് ഔദ്യോ​ഗിക ബഹുമതികൾ ഒഴിവാക്കുകയായിരുന്നു. മരണത്തിലും സാധാരണക്കാരനാകാൻ ആ​ഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്കാരത്തിന് ഔദ്യോ​ഗിക ബഹുമതികൾ വേണ്ടെന്ന് അപ്പ പറഞ്ഞതെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങൾ നൽകുന്ന യാത്രാമൊഴിയാണ് അപ്പയ്ക്കു കിട്ടുന്ന ഏറ്റവും വലിയ അം​ഗീകാരമെന്ന് മകൾ അച്ചു ഉമ്മനും പറഞ്ഞു.