തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങൾ രേഖാമൂലം അറിയിച്ച പശ്ചാത്തലത്തിലാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനം.
ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയെ പൂർണ ബഹുമതികളോടെ യാത്രയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ അഭിപ്രായപ്പെട്ടു. വ്യത്യസ്ത അഭിപ്രായം ഉയർന്നതോടെ ചീഫ് സെക്രട്ടറിയെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ചുമതലപ്പെടുത്തി.
തുടർന്ന് ചീഫ് സെക്രട്ടറി കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അതനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കുകയായിരുന്നു. മരണത്തിലും സാധാരണക്കാരനാകാൻ ആഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് അപ്പ പറഞ്ഞതെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങൾ നൽകുന്ന യാത്രാമൊഴിയാണ് അപ്പയ്ക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് മകൾ അച്ചു ഉമ്മനും പറഞ്ഞു.