ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലേയ്ക്ക്

0
207

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെ 4.25ന്‌ ബംഗളൂരു ഇന്ദിര നഗർ ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മൻ സമൂഹമാധ്യമത്തിലൂടെയാണ്‌ മരണവിവരം അറിയിച്ചത്‌. പുതുപ്പള്ളി എംഎൽഎയാണ്.

ഭാര്യ മറിയാമ്മ, മക്കളായ അച്ചു ഉമ്മൻ, മരിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, കൊച്ചുമക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. 26 പ്രതിപക്ഷ കക്ഷികൾ അണിനിരക്കുന്ന യോഗം ബംഗളൂരുവിൽ തുടരുന്നതിനിടെയാണ്‌ ഉമ്മൻചാണ്ടിയുടെ വിയോഗം. നിര്യാണത്തിൽ യോഗം അനുശോചിച്ചു. തൊണ്ടയിൽ അർബുദത്തിന്‌ ഏഴുവർഷമായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴം പകൽ രണ്ടിന്‌ പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയപള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ.

പുതുപ്പള്ളി കരോട്ട്‌ വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്‌ടോബർ 31 ന്‌ ജനനം. 1970 മുതൽ 53 വർഷം തുടർച്ചയായി 12 തവണ ഒരേമണ്ഡലത്തിൽനിന്ന്‌ നിയമസഭാംഗമായ ഖ്യാതിയുമായാണ്‌ മടക്കം. ആഭ്യന്തരം, ധനം, തൊഴിൽ തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന്‌ എ കെ ആന്റണി രാജിവച്ചതോടെ 2004ൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി. രണ്ടുവർഷം തുടർന്നു. 2011ൽ അഞ്ചുവർഷവും. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവ്‌. 1982 മുതൽ 86 വരെ യുഡിഎഫ്‌ കൺവീനർ. 2021 ലും നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

ബംഗളൂരുവിൽ ദേശീയ നേതാക്കളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി പകൽ 2.20ന്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ ഏറ്റുവാങ്ങി. മന്ത്രി വി ശിവൻകുട്ടിയും എത്തിയിരുന്നു. 4.45ന്‌ ജഗതിയിലെ പുതുപ്പള്ളി വീട്ടിലെത്തിച്ചു. നേതാക്കളും പ്രവർത്തകരും ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളും ബന്ധുക്കളും നാട്ടുകാരുമടക്കം ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന്‌ സെക്രട്ടറിയറ്റിലെ ദർബാർഹാളിൽ പൊതുദർശനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കം നൂറുകണക്കിനുപേർ ദർബാർ ഹാളിൽ അന്ത്യോപചാരമർപ്പിച്ചു. ഉമ്മൻചാണ്ടി തിരുവനന്തപുരത്തുള്ളപ്പോൾ പോകാറുള്ള സെക്രട്ടറിയറ്റിന്‌ സമീപത്തെ സെന്റ്‌ ജോർജ്‌ പള്ളിയിലും പൊതുദർശനമുണ്ടായി. രാത്രി വൈകി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിച്ചു. അവിടെയും നൂറുകണക്കിന്‌ പ്രവർത്തകർ അന്ത്യോപചാരമർപ്പിക്കാൻ കാത്തുനിന്നിരുന്നു. ബുധൻ രാവിലെ ഏഴിന്‌ എംസി റോഡ്‌ വഴി വിലാപയാത്രയായി കോട്ടയത്ത്‌ എത്തിക്കും. വൈകിട്ട്‌ അഞ്ചുമുതൽ തിരുനക്കര മൈതാനത്ത്‌ പൊതുദർശനം. രാത്രി പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തിക്കും.

വിടനൽകി ദേശീയ നേതാക്കൾ
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്‌ അന്തിമോപചാരം അർപ്പിച്ച്‌ ദേശീയ നേതാക്കൾ. അദ്ദേഹം ബംഗളൂരുവിൽ താമസിച്ചിരുന്ന മുൻ മന്ത്രി ടി ജോണിന്റെ വസതിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ദേശീയ നേതാക്കളെത്തി ഉപചാരം അർപ്പിച്ചു.

സംയുക്ത പ്രതിപക്ഷ യോഗത്തിന്‌ ബംഗളൂരുവിൽ ഉണ്ടായിരുന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരും മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ, ബെന്നി ബഹനാൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ്‌, എംപിമാരായ ഇ ടി മുഹമ്മദ്‌ ബഷീർ, എൻ കെ പ്രേമചന്ദ്രൻ, ഫോർവേഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവർ ആശുപത്രിയിലും അന്ത്യോപചാരം അർപ്പിച്ചു.

പ്രധാനമന്ത്രി അനുശോചിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പൊതുസേവനത്തിനായി ഉമ്മൻചാണ്ടി ജീവിതം ഉഴിഞ്ഞുവച്ചെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു.

താരതമ്യമില്ലാത്ത നേതാവ്‌: ഗവർണർ
താരതമ്യമില്ലാത്ത നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽനിന്ന് 53 വർഷം നിയമസഭാ സാമാജികനാകുക എന്ന റെക്കോഡിന് ഉടമയായിരുന്നു അദ്ദേഹം. ഇത് ഉമ്മൻചാണ്ടിയിൽ ജനങ്ങൾ അർപ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനുമുള്ള തെളിവാണെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.