ലൈംഗികാരോപണം ഉമ്മൻ ചാണ്ടിക്കെതിരെ ദേശാഭിമാനി ആയുധമായി ഉപയോഗിച്ചിട്ടില്ല; സെബിൻ എ ജേക്കബ് എഴുതുന്നു

0
207

സെബിൻ എ ജേക്കബ്

പല്ലിട കുത്തി മണപ്പിക്കുക എന്നൊരു പ്രയോഗമുണ്ട്. സരിത, സോളാർ എന്നൊക്കെ പറഞ്ഞ് ചില കോൺഗ്രസുകാരും ചില മുൻ വിഎസ് അനുഭാവികളും ചെയ്യുന്നത് ആ കർമ്മമാണ്. മുൻ കൂട്ടിച്ചേർക്കാവുന്ന വേറെ കുറേയാളുകളും അതു തന്നെ ചെയ്യുന്നുണ്ട്.

സോളാർ കേസിലെ സാമ്പത്തിക ആരോപണങ്ങളിലാണ് സിപിഐഎം ഊന്നിയത്. ടി ആരോപണങ്ങൾ ഉന്നയിച്ചത് മല്ലേലിൽ ശ്രീധരൻ നായർ എന്ന കോൺഗ്രസുകാരനായ വ്യവസായിയാണ്. അദ്ദേഹത്തിന്റെ പരാതിയുടെ പുറത്താണ് ഈ കേസ് ആരംഭിക്കുന്നതു തന്നെ. ഉമ്മൻ ചാണ്ടി പറഞ്ഞിട്ടു പണം കൊടുത്തെന്നും എന്നാൽ അവർ പണം തിരികെ നൽകിയില്ലെന്നുമാണ് പരാതി. പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കാനായി പുതുതായി സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നുവെന്നും അതിൽ ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും സ്ഥാപനമുണ്ടെന്നും അതിലൂടെ വമ്പൻ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു സോളാർ പ്ലാന്റ് പോലും ഇൻസ്റ്റോൾ ചെയ്തു പരിചയമില്ലാത്ത ഒരു കമ്പനിയെ ആണ് അന്ന് ഉമ്മൻ ചാണ്ടി സർക്കാർ സപ്പോർട്ട് ചെയ്തത്.

സോളാർ കേസിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് ഉമ്മൻ ചാണ്ടി സർക്കാരാണ്. അന്വേഷണ വിഷയങ്ങൾ നിശ്ചയിച്ചതും അവർ തന്നെയാണ്. ആ കേസിന്റെ ഭാഗമായാണ് ബിജുവും സരിതയും അടങ്ങുന്ന തട്ടിപ്പുസംഘത്തിന്റെ ഫോൺ സംഭാഷണങ്ങൾ സംബന്ധിച്ച വിവരം പുറത്തുവരുന്നത്. ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ജിക്കുവും ജോപ്പനും അർദ്ധരാത്രിയിൽ അടക്കം മണിക്കൂറുകളോളം സരിതയുമായി സംസാരിച്ചതായ വിവരങ്ങൾക്കു ടെലിഫോൺ രേഖകളാണ് അടിസ്ഥാനം.

സംരംഭക എന്ന നിലയിൽ എത്തിയ സരിത തന്റെ ശരീരം അധികാരികളുമായുള്ള അടുപ്പത്തിന് ഉപയോഗിച്ചു. അതിന് അവരുടെ സമ്മതമുണ്ടായിരുന്നു. അത് അവർ രഹസ്യമായി ഷൂട്ട് ചെയ്യുകയും പിന്നീട് ബ്ലാക്ക് മെയ്ൽ ചെയ്യാനായി സൂക്ഷിക്കുകയും ചെയ്തു. അവയിൽ ചില ക്ലിപ്പുകളെങ്കിലും പിന്നീട് അവർ തന്നെ റിലീസ് ചെയ്യുകയും എക്സ് വീഡിയോസ് പോലെയുള്ള പോൺ സൈറ്റുകളിൽ ഇടംപിടിക്കുകയും വാട്സ് ആപ്പിലൂടെ പറപറക്കുകയും ചെയ്തു.

അതു സംബന്ധിച്ച ആരോപണങ്ങളൊക്കെ പൊതുവിടത്തിട്ടലക്കിയത് സിപിഐഎം അല്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ചീഫ് വിപ്പായിരുന്ന പി സി ജോർജ്ജ് ആണ്. സരിതയുടെ 23 പേജുള്ള മൊഴി 2 പേജായി ചുരുങ്ങിയതുൾപ്പടെയുള്ള കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട് ചെയ്തതാണ്. ഇതിലൊന്നും യാതൊരു രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ല എന്നു വേണമെങ്കിൽ വിശ്വസിക്കാമായിരുന്നു. എന്നാൽ യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബഹനാനും കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയും (എന്നാണോർമ്മ) സരിതയുമായി എന്തു മൊഴി കമ്മിഷൻ മുമ്പാകെ നൽകണം എന്നതു സംബന്ധിച്ച ഡീൽ ഉറപ്പിക്കുന്ന ടെലിഫോൺ സംഭാഷണം പുറത്തുവന്നതോടെ അങ്ങനെയല്ല കാര്യങ്ങളെന്നു ബോധ്യമായി.

സരിത ഒട്ടേറെ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾക്കെതിരെ ലൈംഗികാരോപണങ്ങളുന്നയിച്ചു. ഒരു കേരള കോൺഗ്രസ് എംഎൽഎയുടെ മകന്റെ ആത്മഹത്യപോലും ഇതിനെ ചൊല്ലി സ്കൂളിൽ കൂട്ടുകാർ പരിഹസിച്ചതിനെ തുടർന്നായിരുന്നു. ഈ ആരോപണങ്ങളൊന്നും ദേശാഭിമാനി ഉന്നയിച്ചവയല്ല. മാധ്യമങ്ങൾ കൂട്ടമായി ചെയ്തവയാണ്. നമ്മുടെ മാധ്യമസംസ്കാരത്തെ തന്നെ താഴേക്കു വലിച്ചിഴച്ച ഒരു എപ്പിസോഡ് ആയിരുന്നു സോളാർ വിവാദകാലം.

സോളാർ കേസിൽ ഉമ്മൻ ചാണ്ടി നിയോഗിച്ച കമ്മിഷൻ ആണ് ബിജു രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ സിഡി തപ്പിപ്പോകാൻ തീരുമാനിക്കുന്നത്. അതു ലൈവ് ചെയ്തത് കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും അടക്കമുള്ള ടെലിവിഷൻ ചാനലുകളാണ്. അന്ന് ഇടതുപ്രൊഫൈലുകൾ പലതും വ്യാപകമായി ഈ ടെലിവൈസ്ഡ് സിഡി വേട്ടയെ എതിർത്ത് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്. സിപിഐഎം നേതാക്കന്മാർ പൊതുവിൽ സരിത ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ പിന്നാലെ പോയിട്ടില്ല. കമ്മിഷന്റെ ചോദ്യങ്ങൾ പലതും സാമ്പത്തികാരോപണത്തേക്കാൾ ലൈംഗികാരോപണത്തിൽ കേന്ദ്രീകരിച്ചായിരുന്നുവെന്ന് ചോദ്യം ചെയ്യലിനു വിധേയമായവർ പിന്നീടു പറഞ്ഞിട്ടുണ്ട്. അതിന് സിപിഐഎം അല്ല ഉത്തരവാദി.

ഉമ്മൻ ചാണ്ടിയുടെ മൂത്തമകളുടെ മുൻ ഭർത്താവിന്റെ പിതാവും ബന്ധുക്കളും ചേർന്ന് അവർക്കെതിരെ അപവാദം അച്ചടിച്ച മഞ്ഞവാരികയുമായി തിരുവനന്തപുരത്ത് എത്തുകയും പാർടിയെ സമീപിക്കുകയും ചെയ്തപ്പോൾ പാർടി അതിനു വഴങ്ങിയില്ലെന്നു മാത്രമല്ല, ഈ ശ്രമത്തെ കുറിച്ച് ഉമ്മൻ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് അവർ തിരുവനന്തപുരം പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തിയെങ്കിലും ആരും അത് എയർ ചെയ്തില്ല. ആ വാരികയുടെ കോപ്പികൾ പുറത്തെത്താതെ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു.

നിയമസഭയിൽ ഒരു ചർച്ചയിൽ സലിംരാജ് എന്ന ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാനെതിരെ ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ വന്ന സമയത്ത് വി എസ് അച്യുതാനന്ദനാണ് കുപ്രസിദ്ധമായ ഗൺമോൻ പ്രയോഗം നടത്തിയത്. സിപിഐഎം എന്ന പാർടി ഉടനടി ചെയ്തത് ഇത് പാർടിയുടെ പൊസിഷനല്ല എന്നു വിശദീകരിക്കുകയും മറ്റു പാർടി നേതാക്കന്മാർ പ്രസംഗങ്ങളിൽ ഇത്തരം കാര്യങ്ങൾ പറയുന്നതു വിലക്കുകയുമായിരുന്നു.

അന്നത്തെ വിഎസിന്റെ വിശ്വസ്തർ തോമസ് ഐസക്കിനെതിരെ, എം എ ബേബിക്കെതിരെ, ടി എൻ സീമയ്ക്കെതിരെ, സിന്ധു ജോയിക്കെതിരെ, പി കെ ശ്രീമതിക്കെതിരെ ഒക്കെ വലിയ തോതിൽ ലൈംഗികാരോപണങ്ങൾ മർമറിങ് ക്യാമ്പെയ്നിലൂടെ പ്രചരിപ്പിച്ചിരുന്നു. വിഎസ് വിഭാഗം എന്നറിയപ്പെട്ടിരുന്നവരുടെ മോഡ് ഓഫ് ഓപ്പറാണ്ടിയായിരുന്നു അത്. ഇന്നു ചാനലിൽ ഞെളിഞ്ഞിരുന്നു വർത്തമാനം പറയുന്ന ജയശങ്കറൊക്കെ അന്ന് ഐസക്കിനെ കുറിച്ച് ഒരു വരി പറയണമെങ്കിൽ സീമാതീതനായ തോമസ് ഐസക്ക് എന്നു പറഞ്ഞേ തുടങ്ങുമായിരുന്നുള്ളൂ. കിളിരൂർ കേസിലെ വിഐപി വിവാദം സിപിഐഎം വിഭാഗീയതാക്കാലത്ത് എന്തുമാത്രം എണ്ണപകർന്നിരുന്നു എന്നതോർക്കണം. അവരും അവരുടെ സിൽബന്ധികളും ഇന്നും അപ്പരിപാടി നിർത്തിയിട്ടില്ല. പിണറായി വിജയന്റെ മകൾ പുനർവിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് എന്തെന്തെല്ലാം നെറികെട്ട വർത്തമാനങ്ങളാണ് ഇവർ പറഞ്ഞുപ്രചരിപ്പിച്ചത്, ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഓർമ്മയിൽ നിന്നു മായാത്ത ഒരു പ്രയോഗം ഇന്നത്തെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റേതാണ്. രാത്രിയിൽ പ്രകാശ് കാരാട്ട് ബൃന്ദ കാരാട്ടിന്റെ തുടയിൽ തട്ടിവിളിച്ചാൽ അവൈലബിൾ പിബിയായി എന്നുവരെ അയാൾ പ്രസംഗിച്ചു. കെപിസിസി പ്രസിഡന്റായിരുന്ന കെ മുരളീധരനെതിരെ തുറക്കൂ സീസെ എന്നുപറഞ്ഞ് കഥയിറക്കിയതും രാജ്മോഹൻ ഉണ്ണിത്താനായിരുന്നു. ഇതടക്കമുള്ള കേരള രാഷ്ട്രീയത്തിലെ ലൈംഗികാരോപണങ്ങളുടെയൊക്കെ പിന്നിൽ പല യോഗ്യന്മാരുമായിരുന്നു.

സിപിഐഎം എന്ന പാർടിയോ ദേശാഭിമാനി എന്ന പത്രമോ ഒരിക്കൽ പോലും ലൈംഗികാരോപണം ഉമ്മൻ ചാണ്ടിക്കെതിരെ ആയുധമായി ഉപയോഗിച്ചിട്ടില്ല. കേരളത്തിലെ മാധ്യമങ്ങൾ ചെയ്തതിന് ദേശാഭിമാനിയെ പറഞ്ഞിട്ടു കാര്യമില്ല.

എൻഡ് നോട്ട്: ഞാൻ വെല്ലുവിളിക്കുന്നു. എന്റെയോ അന്ന് സൈബർ സ്പേസിൽ സജീവമായിരുന്ന പ്രധാന ഇടതുഹാൻഡിലുകളുടെയോ ഫേസ്ബുക്കു സ്ട്രീമിൽ നിന്ന് ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണം ഷെയർ ചെയ്തതിന്റെ ഒറിജിനൽ സ്ക്രീൻ ഷോട്ട് കാട്ടിത്തരാമോ? (വിഎസ് വിഭാഗം എന്നു സ്വയം വിശേഷിപ്പിച്ചിരുന്നവർ ഒഴികെ) അതിനെതിരെ എഴുതിയത് ഉണ്ടാകും.