പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് ‘ഇന്ത്യ’; അടുത്ത യോഗം മുംബൈയിൽ

0
38

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്ത്യ(INDIA) എന്ന് പേരിട്ടു. ഇന്ത്യൻ നാഷനല്‍ ഡെമോക്രാറ്റിക് ഇൻക്ലുസിവ് അലയൻസ് എന്നതിന്‍റെ ചുരുക്കരൂപമായാണ് I-N-D-I-A എന്ന് നാമകരണം ചെയ്യാൻ തീരുമാനമായത്. ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും ഈ പേരിനോട് യോജിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ ചേരാനും ധാരണയായിട്ടുണ്ട്.

ജൂൺ 23ന് ബീഹാറിലെ പാട്നയിലാണ് പ്രതിപക്ഷ പാർട്ടികൾ ആദ്യമായി യോഗം ചേർന്നത്. ഈ യോഗത്തിലാണ് ബംഗളുരുവിൽ ജൂലൈ 18ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചത്. ഇത്തവണ എട്ട് പുതിയ പാർട്ടികൾ കൂടി പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായി.

അതേസമയം പ്രതിപക്ഷ സഖ്യത്തിന്‍റെ ഇന്ത്യ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാൻഡിലില്‍ പ്രസിദ്ധപ്പെടുത്തിയെങ്കിലും പിന്നീടത് ഡിലീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ‘ചക്ദേ ഇന്ത്യ’ എന്ന് ട്വിറ്ററില്‍ കുറിച്ചു.

ഇന്നത്തെ യോഗത്തിൽ 26 പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. രാജ്യത്തിന്റെ പേര് കൂടി ചേര്‍ക്കാന്‍ കഴിയുന്ന പേര് വേണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മുന്നണിയുടെ അധ്യക്ഷയായേക്കുമെന്ന് റിപ്പോർട്ടുണ്ട്. മുംബൈയില്‍ ചേരുന്ന മൂന്നാമത്തെ യോഗത്തില്‍ പതിനൊന്ന് അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. ആരൊക്കെയാണ് സഖ്യത്തിന്റെ മുഖങ്ങള്‍ എന്ന് ഈ യോഗത്തില്‍ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

“ഇന്ത്യയെ വെല്ലുവിളിക്കാൻ എൻഡിഎയ്ക്ക് കഴിയുമോ?”, എന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ചോദിച്ചു. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് ‘ഇന്ത്യയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടം ആയിരിക്കുമെന്ന്’ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലുണ്ടായ ചര്‍ച്ചകള്‍ ഫലപ്രദം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.