ഇന്ത്യയിൽ ദാരിദ്ര്യം കുറവുള്ള സംസ്ഥാനമായി കേരളം; ദാരിദ്ര്യമില്ലാത്ത ജില്ല എറണാകുളം

0
105

നീതി ആയോ​ഗിന്റെ പുതിയ റിപ്പോർട്ടിൽ കേരളത്തിന് നേട്ടം. രാജ്യത്തെ ദാരിദ്ര്യമില്ലാത്ത (Multidimensional poverty) സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതെത്തി. എറണാകുളം ഇന്ത്യയിലെ ദാരിദ്ര്യമില്ലാത്ത ഒരേയൊരു ജില്ലയായി മാറി. കഴിഞ്ഞ തവണ ദാരിദ്ര്യമില്ലാതിരുന്ന കോട്ടയം ജില്ലയ്ക്ക് ഇത്തവണ ആ നേട്ടം നിലനിർത്താനായില്ല. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നീതി ആയോ​ഗ് റിപ്പോർട്ടിലെ പ്രധാന വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.

രാജ്യത്ത് ദാരിദ്ര്യം (Multidimensional poverty) ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം. നീതി ആയോഗിന്റെ പുതിയ റിപ്പോർട്ടിലാണ് കേരളത്തിന്റെ നേട്ടം. രാജ്യത്ത് ദാരിദ്ര്യമില്ലാത്ത ഏകജില്ല എറണാകുളം മാത്രമാണ്. ജില്ലകൾ താരതമ്യം ചെയ്യുമ്പോൾ തൊട്ടു മുമ്പത്തെ വർഷം എറണാകുളത്തെ ദാരിദ്ര്യ നിരക്ക് 0.10 എന്നതായിരുന്നു. ഇത് ഇത്തവണ പൂജ്യം എന്ന തോതിലേക്ക് താഴ്ന്നു. നീതി ആയോഗ് നിശ്ചയിച്ചിരിക്കുന്ന 12 മാനദണ്ഡങ്ങൾ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

2015-16 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്റെ ശതമാനം 0.70 നിലവാരത്തിലായിരുന്നു. 2019-21 കാലയളവിൽ ഇത് 0.50 എന്ന തോതിലേക്ക് കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് അഞ്ച് വർഷത്തിനുള്ളിൽ 50,000 ആളുകൾ ദാരിദ്യത്തിൽ നിന്ന് പുറത്തു കടന്നു എന്നതാണ്.

ജില്ലകൾ താരതമ്യം ചെയ്യുമ്പോൾ ദാരിദ്ര്യ നിരക്കിൽ എറണാകുളം ഇന്ത്യയിലെ മറ്റെല്ലാ ജില്ലകളെയും മറികടന്നു. കഴിഞ്ഞ വർഷം പൂജ്യം പോവർട്ടി നിലവാരം രേഖപ്പെടുത്തിയ കോട്ടയം ജില്ലയ്ക്ക് ഇത്തവണ നേട്ടംന നിലനിർത്താനായില്ല. കോട്ടയത്തെ ദാരിദ്ര്യനിരക്ക് ഇത്തവണ 0.14 നിലവാരത്തിലാണ്. കാസർകോട് ജില്ലയിൽ കഴിഞ്ഞ തവണ ദാരിദ്ര്യത്തിന്റെ നിരക്ക് 0.94% ആയിരുന്നു. ഇത് ഇത്തവണ 1.70% ആയി വർധിച്ചു. കോഴിക്കോട് ജില്ലയിലും ദാരിദ്ര്യ നിരക്കുകളിൽ വർധനയുണ്ട്. കഴിഞ്ഞ തവണ കോഴിക്കോടിന്റെ നിരക്ക് 0.26% എന്നതായിരുന്നു. ഇത്തവണ ഇത് 0.68% എന്ന തോതിലേക്ക് ഉയർന്നു. എന്നാൽ കേരളത്തിലെ മിക്ക ജില്ലകളിലും ദാരിദ്യനിരക്ക് 1%ൽ താഴെ മാത്രമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി.

വയനാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം,കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലും ദാരിദ്ര്യ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. കേരളം കഴിഞ്ഞാൽ തമിഴ്നാട്, ഡൽഹി, ഗോവ എന്നിവിടങ്ങളിലാണ് ദാരിദ്ര്യ നിരക്കുകൾ കുറവുള്ളത്. 2015-16 മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്ത് 13.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ കഴിഞ്ഞ 5 വർഷങ്ങളിൽ ഇന്ത്യയിലെ ദാരിദ്ര്യനിരക്കിൽ (Multidimensional poverty) 10% കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം നീതി ആയോഗ് പുറത്തു വിട്ട കയറ്റുമതിയുമായി ബന്ധപ്പെട്ട സൂചികയിൽ (Export Preparedness Index 2022) കേരളത്തിന്റെത് 19ാം സ്ഥാനമായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്.