പെട്രോൾ പമ്പിൽ മുതൽ കൺസ്ട്രക്‌ഷൻ സൈറ്റിൽ വരെ ജോലി ചെയ്തു ; തിരിച്ചുവരവിനൊരുങ്ങി അബ്ബാസ്

0
132

നിരവധി സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമകളില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഒരിക്കല്‍ അബ്ബാസ്. 2015 ൽ അഭിനയം ഉപേക്ഷിച്ച് വിദേശത്തേക്കുപോയ താരം സിനിമ രംഗത്തേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. മികച്ച തിരക്കഥകൾക്കായി കാത്തിരിക്കുവാണെന്നും അഭിനയം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അബ്ബാസ് പറഞ്ഞു.

2015 ൽ അഭിനയം ഉപേക്ഷിച്ച് കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ കുടുംബത്തിനൊപ്പം ന്യൂസീലൻഡിലേക്ക് പോകുകയായിരുന്നു തരാം. ന്യൂസിലാന്റിലേക്ക് താമസം മാറിയ തരാം പെട്രോള്‍ പമ്പ് മുതല്‍ കണ്‍സ്ട്രക്ഷന്‍ സെെറ്റില്‍ വരെ ജോലി ചെയ്തു. ഇന്ത്യയിലായിരുന്നുവെങ്കില്‍ തനിക്ക് ഇങ്ങനൊരു ജീവിതം നയിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും അബ്ബാസ് പറയുന്നു.

ചെറുപ്രായത്തിൽ സൂപ്പർതാര പദവി ലഭിച്ചതിനു ശേഷം തന്നിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു അബ്ബാസ് പറഞ്ഞു. ‘‘കാതൽദേശം സിനിമയുടെ പ്രിമിയറിനുശേഷം ഒരു ഹോട്ടലിലായിരുന്നു താമസം. രാവിലെ എഴുന്നേറ്റപ്പോൾ ഹോട്ടലിന്റെ താഴെ നിറയെ ജനക്കൂട്ടം. ആർക്കോ അപകടം സംഭവിച്ചതുകൊണ്ട് ആളുകൾ കൂടിയതാണെന്നാണ് ഞാൻ കരുതിയത്. ഹോട്ടൽ റിസപ്‌ഷനിൽ വിളിച്ച് ഇറങ്ങുന്ന കാര്യം പറഞ്ഞപ്പോഴാണ് ആ കൂട്ടം എന്നെ കാണാൻ വന്നതാണെന്ന് അറിയാന്‍ കഴിഞ്ഞത്. താഴേക്ക് ഇറങ്ങരുതെന്നും ആകെ പ്രശ്നമാകുമെന്നും ഹോട്ടല്‍ ജീവനക്കാർ എന്നോടു പറഞ്ഞു. എന്നാൽ ഞാൻ താഴേക്കിറങ്ങി. അവർക്കിടയിലൂടെത്തന്നെ പോയി. എന്നെ പിച്ചുകയും നുളളുകയുമൊക്കെ ചെയ്തു. ആ സ്നേഹം എന്താണെന്ന് അറിയാനുളള പക്വത എനിക്കന്ന് ഇല്ലായിരുന്നു. പത്തൊൻപത് വയസ്സ് മാത്രമാണ് അന്നെനിക്ക് ഉണ്ടായിരുന്നത്. ഒരു സാധാരണക്കാരനായിരുന്ന ഞാൻ ഒറ്റദിവസം കൊണ്ടുതന്നെ പ്രശസ്‍തനായപ്പോള്‍, എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. പോക്കറ്റ് മണിക്കു വേണ്ടി സിനിമ ചെയ്യുക എന്നതായിരുന്നു അന്ന് ആഗ്രഹിച്ചിരുന്നത്.

എന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട ദിവസങ്ങളുണ്ട്. പിറ്റേ ദിവസം മുതൽ എനിക്ക് സിനിമയില്ല. അന്ന് വാടക കൊടുക്കാൻ പോലും പൈസയില്ല. ജോലിക്കാർക്കുപോലും കൊടുക്കാൻ പൈസയില്ല. ഈഗോ കാരണം പുറത്തേക്കുപോകാനും മടി. പക്ഷേ എത്ര നാൾ ഇങ്ങനെ. ഒടുവിൽ ഞാൻ ആർ.ബി. ചൗധരി എന്ന നിർമാതാവിനെ പോയി കണ്ടു. എനിക്കൊരു സിനിമ വേണം സർ, സിനിമയില്‍ ഗോഡ്ഫാദർ ഇല്ല. കാശില്ലെന്നു പറഞ്ഞു. അങ്ങനെ കിട്ടിയ ചിത്രമാണ് ‘പൂവേലി’.

അന്ന് ആദ്യമായി ആ സെറ്റിൽ എത്തിയപ്പോൾ ചുറ്റുമുള്ളവരെല്ലാം എന്നെത്തന്നെ നോക്കി നിന്നത് ഇപ്പോഴും ഓര്‍ക്കുന്നു. ഒരു ഹീറോയായി മാറിയ നടനാണ് ഇപ്പോൾ ഒന്നുമില്ലാതെ വന്ന് അഭിനയിക്കുന്നതെന്നായിരുന്നു അവിടെയുള്ള സംസാരം. പക്ഷേ ആ ചിത്രം ഹിറ്റായി, അതിനു ശഷം പടയപ്പ, ആനന്ദം പോലുള്ള സിനിമകൾ ചെയ്തു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഞാൻ പരാജയപ്പെട്ടതെന്നു വിശ്വസിച്ച് ജീവിതം മുന്നോട്ടുപോയി. അതിനുശേഷമാണ് ഈഗോ എന്ന വികാരത്തെ കീഴ്പ്പെടുത്താൻ ഞാൻ തീരുമാനിക്കുന്നത്. പിന്നീട് അഭിനയം ബോറടിച്ചു തുടങ്ങിയതോടെയാണ് വിദേശത്തേക്കു പോകാൻ തീരുമാനിക്കുന്നത്. ന്യൂസീലന്‍ഡിൽ കസ്റ്റമയർ കെയർ ഓഫിസിലാണ് ജോലി ആരംഭിച്ചത്. ഇപ്പോള്‍ വീണ്ടും അഭിനയത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു. നല്ല തിരക്കഥകൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ.’’–അബ്ബാസ് പറഞ്ഞു.