അങ്കമാലി കെട്ടിടത്തിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

0
156

അങ്കമാലി എളവൂർ കവലയിലെ വാടക കെട്ടിടത്തിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ് തെളിയിച്ചു. തമിഴ്നാട് സ്വദേശി കണ്ണനെയാണ് കഴിഞ്ഞ വ്യാഴാഴ്ച കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയോട്ടിയിലുണ്ടായ പൊട്ടലാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് സ്വാഭാവിക മരണം കൊലപാതകമായി മാറിയത്. കേസിൽ കണ്ണന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ വ്യാഴാഴ്ചയാണ് അങ്കമാലി എളവൂർ കവലയിൽ കെട്ടിടത്തിനുള്ളിൽ തമിഴ്നാട് സ്വദേശി കണ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുതന്നെ കണ്ണൻറെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തിൽ തലയോട്ടിയിൽ ഉണ്ടായ ശക്തമായ ആഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. ഡോക്ടർ ഇതു സംബന്ധിച്ച് പൊലീസിനോട് സംശയവും പ്രകടിപ്പിച്ചു. ഇതോടെയാണ് കണ്ണൻറെ കൂടെ താമസിച്ചിരുന്ന നാഗമണി, അരവിന്ദൻ എന്നിവരെ അങ്കമാലി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യിലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

നാഗമണിയും അരവിന്ദനും ചേർന്ന് കണ്ണനെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ആയിരുന്നു. ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഇന്ന് പ്രതികളെ ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.