‘എന്റെ മകളെ വെടിവച്ചു, ആസിഡ് ഒഴിച്ച് വികൃതമാക്കി കിണറ്റിൽ എറിഞ്ഞു’; പത്തൊമ്പതുകാരിയുടെ കൊലയിൽ നടുങ്ങി രാജസ്ഥാൻ

0
58

കിഴക്കൻ രാജസ്ഥാനിൽ പത്തൊമ്പതുകാരിയുടെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നു. കരൗലിയിലെ വീട്ടിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള കിണറ്റിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

“രണ്ട്-മൂന്ന് പുരുഷന്മാർ ഉണ്ടായിരുന്നു. അവർ മോളുടെ വായിൽ തുണി തിരുകി കാറിനുള്ളിൽ കയറ്റി കൊണ്ടു പോയി. ഇപ്പോൾ കൂട്ടബലാത്സംഗത്തിനുശേഷം അവൾ മരിച്ചു. നെഞ്ചിൽ വെടിയേറ്റിരുന്നു, മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു,” പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.

പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം, ആളെ തിരിച്ചറിയാതിരിക്കാനാണ് ആസിഡ് ഉപയോഗിച്ച് മുഖം വികൃതമാക്കിയെന്ന് സംശയിക്കുന്നു. ഇത് കുടുംബത്തെയും പ്രദേശവാസികളെയും നടുക്കിയിരിക്കുകയാണ്. ഈ വർഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പി, കോൺഗ്രസ്, ബി എസ് പി, എ എ പി എന്നീ പാർട്ടികൾ ചുവടു വെച്ചതോടെ ഇത് ഒരു രാഷ്ട്രീയ പ്രശ്നമായി മാറി.

“ഞാനും നാല് കുട്ടികളും വീട്ടിലുണ്ടായിരുന്നു (ജൂലൈ 11-12 രാത്രി). അവർ വരുമ്പോൾ ഞങ്ങൾ വീടിനു പുറത്ത് ഉറങ്ങുകയായിരുന്നു, ”പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

“എന്തോ ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. അവർ എന്റെ മകളെ കൊണ്ടുപോകുന്നത് കണ്ടപ്പോൾ നിലവിളിച്ചു ആളുകളെ സഹായത്തിനു വിളിച്ചെങ്കിലും ആരും വന്നില്ല. അവളെ കാറിനകത്തിട്ട് പെട്ടെന്ന് ഓടിച്ചുപോയി, ”പെൺകുട്ടിയുടെ അമ്മ പറഞ്ഞു

കൊലപ്പെട്ട പെൺകുട്ടി ബിഎ വിദ്യാർത്ഥിനിയാണ്. പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ഇവരുടെ പിതാവ് കഴിഞ്ഞ ആറ് വർഷമായി ദുബായിലാണ്.

മണിക്കൂറുകളോളം പെൺകുട്ടിയെ തിരഞ്ഞെങ്കിലും ഫലമുണ്ടാകാത്തതിനെതുടർന്ന് പൊലീസ് സ്റ്റേഷനിൽ പോയെന്ന് പെൺകുട്ടിയുടെ ബന്ധു പറയുന്നു. “അടുത്ത ദിവസം രാവിലെ വരെ കാത്തിരിക്കണമെന്നും പെൺകുട്ടി തിരികെ വരുമെന്നും പൊലീസുകാർ പറഞ്ഞു. എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിക്കുകയും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റൊരു മാർഗവുമില്ലാതെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി, ”ബന്ധു പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ദുബായിലുള്ള ഭർത്താവിനെ വിവരം അറിയിച്ചെന്നും എന്നാൽ മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതിനാൽ ഉടൻ വരാൻ കഴിയില്ലെന്നും അവർ പറഞ്ഞു. സിആർപിസി സെക്ഷൻ 174 പ്രകാരം ലോക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രഥമദൃഷ്ട്യായിൽ, പെൺകുട്ടി മുങ്ങിമരിച്ചുവെന്ന് പൊലീസ് അനുമാനിച്ചു.

ബിജെപിയുടെ രാജ്യസഭാ എംപി ഡോ. കിരോഡി ലാൽ മീണ പോസ്റ്റ്മോർട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെത്തി കുടുംബത്തോടൊപ്പം ധർണ നടത്തി.

വ്യാഴാഴ്ച രാത്രി 9.30ന് ശേഷമാണ് രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടത്തിയത്. ഹിന്ദൗൺ സർക്കാർ ആശുപത്രിയിലെ നാല് ഡോക്ടർമാരാണ് ആദ്യ പോസ്റ്റ്മോർട്ടം നടത്തിയതെങ്കിൽ, ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിനായി മറ്റൊരു ടീമിനെ രൂപീകരിച്ചു.

“ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും നിയമസഭാ സമ്മേളനം നടക്കുന്നതിനാലും കോൺഗ്രസ് സർക്കാർ കേസ് അടിച്ചമർത്താൻ ആഗ്രഹിച്ചു. പ്രശ്നം ഉന്നയിച്ചില്ലായിരുന്നുവെങ്കിൽ, ഭരണകൂടം കുടുംബവുമായി കേസ് ഒത്തുതീർപ്പാക്കുകയും അന്ത്യകർമങ്ങൾ നടത്തുകയും ചെയ്യുമായിരുന്നു,” ബിജെപിയുടെ മുൻ ഹിന്ദൗൺ സിറ്റി എംഎൽഎ രാജ്കുമാരി ജാതവ് അവകാശപ്പെട്ടു.

“നെഞ്ചിൽ വെടിയേറ്റ മുറിവുണ്ടായിരുന്നു. മുഖത്തും കൈകളിലും ആസിഡ് ഉപയോഗിച്ച് പൊള്ളിച്ചിട്ടുണ്ട്. ശരീരത്തിൽ നിന്ന് ഒരു ബുള്ളറ്റ് കണ്ടെടുത്തു, ” ആദ്യത്തെ പോസ്റ്റ്മോർട്ടത്തിനുശേഷം പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ പുഷ്പേന്ദ്ര ഗുപ്ത പറഞ്ഞു.

വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ പല വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം അവകാശപ്പെട്ടെങ്കിലും, പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തത്, ആസിഡ് ആക്രമണം, ബലാത്സംഗ സാധ്യത എന്നിവയെക്കുറിച്ച് വീട്ടുകാരോട് സ്ഥിരീകരിച്ചതായി ഗുപ്ത പറഞ്ഞു.

പെൺകുട്ടിയുടെ അമ്മ പോലീസിൽ രേഖാമൂലം പരാതി നൽകുകയും ഐപിസി സെക്ഷൻ 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം), 326 എ ( ആസിഡ് ഉപയോഗിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുക), 363 (തട്ടിക്കൊണ്ടുപോകൽ) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൂടാതെ 366 (ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ, വിവാഹത്തെ നിർബന്ധിക്കുക ) എന്നിവയും അജ്ഞാത പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബിഎസ്പി, എഎപി പ്രവർത്തകർ സമരപന്തൽ തയാറാക്കി പ്രതിഷേധിച്ചു. പെൺകുട്ടിയുടെ കുടുംബത്തെ ഒപ്പം നിർത്തി ബിജെപിയും പ്രതിഷേധിച്ചു.

കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജ്സമന്ദ് ലോക്സഭാ എംപി ദിയാ കുമാരി, ഭരത്പൂർ ലോക്സഭാ എംപി രഞ്ജിത കോലി, രാജസ്ഥാൻ സംസ്ഥാന വനിതാ കമ്മീഷൻ മുൻ മേധാവി സുമൻ ശർമ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയും ബിജെപി രൂപീകരിച്ചിരുന്നു. കുടുംബത്തെയും പിന്നീട് ഡിജിപി ഉമേഷ് മിശ്രയെയും ഇവർ കണ്ടു.

കുറ്റവാളികളെ പിടികൂടുക, ബന്ധുവിന് ജോലി, എഫ്ഐആർ ഫയൽ ചെയ്യാൻ പോയപ്പോൾ ഭീഷണിപ്പെടുത്തിയ പോലീസുകാർക്കെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുടുംബം പ്രതിഷേധിച്ചിരുന്നു.

കുടുംബവുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് കരൗലി പോലീസ് സൂപ്രണ്ട് മംമ്ത ഗുപ്ത പറഞ്ഞു. ബലാത്സംഗ ആരോപണങ്ങളിൽ, എഫ്എസ്എൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ പോലീസുകാർ ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണത്തിൽ, “അത് അന്വേഷിക്കുകയും അത്തരത്തിലുള്ള എന്തെങ്കിലും കണ്ടെത്തിയാൽ നടപടിയെടുക്കുകയും ചെയ്യും,”അവർ പറഞ്ഞു.