ഏക സിവില്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നു; സിപിഎം സെമിനാറില്‍ സീതാറാം യെച്ചൂരി

0
166

ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് കോഴിക്കോട് തുടക്കമായി. സമസ്‌ത ഉൾപ്പടെയുള്ള വിവിധ മത- സാമുദായിക നേതാക്കൾ സെമിനാറിൽ പങ്കെടുത്തു. മു‌സ്‌ലിം ലീഗ് സെമിനാറിൽ പങ്കെടുത്തില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ അസാന്നിധ്യവും ചർച്ചയായി. പൊതു വ്യക്തി നിയമം എന്നത് ഭരണഘടനയിലെ നിർദേശക തത്വം മാത്രമാണെന്ന് സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൊതു വ്യക്തി നിയമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും അജണ്ടകളുമാണ്. പൊതു വ്യക്തി നിയമം ഏകപക്ഷീയമായി അടിച്ചേൽപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യപരമായ ചർച്ചകളിലൂടെ വേണം പൊതു വ്യക്തി നിയമം നടപ്പിലാക്കാൻ. സമത്വം വേണം എന്നാൽ ഏകീകരണമെന്നത് സമത്വമല്ലെന്നും സീതാറാം യെച്ചൂരി കോഴിക്കോട് പറഞ്ഞു.

ബിജെപി ലക്ഷ്യം വെക്കുന്നത് വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി പറഞ്ഞു. യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതാത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയിൽ ചർച്ചയിലൂടെ മാറ്റമുണ്ടാക്കണം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അത്‌ അടിച്ചേൽപിക്കരുത്. വർഗീയ ധ്രുവീകണത്തിന് മൂർച്ച കൂട്ടാൻ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവിൽ കോഡ്. പാർലമെ്നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു – മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ നീക്കമെന്നും യെച്ചൂരി വിമര്‍ശിച്ചു.