യുപിഐയ്ക്ക് (united payments interface) ഫ്രാൻസിൽ അംഗീകാരം

0
206

യുപിഐയ്ക്ക് (united payments interface) ഫ്രാൻസിൽ അംഗീകാരം നല്‍കി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്. ഇതോടെ യുപിഐയ്ക്ക് അംഗീകാരം നല്‍കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. ഫ്രാന്‍സിന്റെ ഈ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇനി ഈഫല്‍ ടവര്‍ കാണാനെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് രൂപയില്‍ തന്നെ പേയ്‌മെന്റ് നടത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. പാരീസിലെ ലാ സീന്‍ മ്യൂസിക്കേലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പ് ഇന്ത്യ-സിംഗപ്പൂര്‍ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേയ്‌നൗവും ചേര്‍ന്ന് ഒരു സംയുക്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങളിലേയും ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ പണകൈമാറ്റം നടത്താന്‍ സഹായിക്കുന്ന സംവിധാനത്തിനായിരുന്നു ഇരു രാജ്യങ്ങളും തുടക്കം കുറിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ഫ്രാന്‍സിന്റെ ഈ നീക്കം.

2022ല്‍ യുപിഐ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ ലൈറയുമായി ഒരു ധാരണ പത്രത്തില്‍ ഒപ്പിട്ടിരുന്നു.

അതേസമയം യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ യുപിഐ സംവിധാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, എന്നിവിടങ്ങളിലേക്ക് കൂടി യുപിഐ സേവനം വ്യാപിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.