സെന്തിൽ ബാലാജിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

0
247

സെന്തിൽ ബാലാജിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഡിഎംകെ നേതാവിനെ കസ്റ്റഡിയിലെടുക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഹൈക്കോടതി വെള്ളിയാഴ്ച ശരിവച്ചു. സെന്തിൽ ബാലാജിയുടെ ഭാര്യ മേഖല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ വിധി. തമിഴ്‌നാട് മുൻ വൈദ്യുതി മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹർജി നൽകിയത്.

റിമാൻഡ് ഉത്തരവിന് ശേഷവും ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കും. എന്നാൽ അറസ്റ്റ് നിയമപരമാണെന്നും അദ്ദേഹത്തെ വിട്ടയക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. നേരത്തെ, ഡിഎംകെ നേതാവിന്റെ മോചന ഹർജിയിൽ ജസ്റ്റിസുമാരായ നിഷാ ബാനു, ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിനെതുടർന്നാണ് കേസ് ജസ്റ്റിസ് സി വി. കാർത്തികേയന്റെ മുന്നിലെത്തിയത്. ഈ മാസം ആദ്യമാണ് രണ്ടംഗ ബെഞ്ച് വിഭിന്ന വിധി പുറപ്പെടുവിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാലാജിയെ അറസ്റ്റ് ചെയ്തത്. കള്ള പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ജൂണിലായിരുന്നു അറസ്റ്റ്. തുടർന്ന് തമിഴ്നാട് ഗവർണർ ആർഎൻ രവി വി സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.

‘ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി അഴിമതിക്കേസുകളിലും സെന്തിൽ ബാലാജി ഗുരുതരമായ ക്രിമിനൽ നടപടികൾ നേരിടുന്നുണ്ട്. “മന്ത്രിയെന്ന നിലയിലുള്ള തന്റെ പദവി ദുരുപയോഗം ചെയ്ത് അന്വേഷണത്തെ സ്വാധീനിക്കുകയും നിയമത്തിന്റെയും നീതിയുടെയും നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.”- എന്നാണ് ഗവർണർ പ്രസ്താവനയിൽ പറഞ്ഞത്.