ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയുടെ പുതു ചരിത്രം കുറിക്കാൻ ചാന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ ഇന്ന് ഉച്ചയ്ക്ക് 2.35 നാണ് വിക്ഷേപണം. ലോകത്തെ മുഴുവൻ ശാസ്ത്ര സമൂഹവും ഇന്ത്യയുടെ ഈ ചരിത്ര ദൗത്യത്തിലേക്ക് ഉറ്റുനോക്കുന്നു. ഇത്തവണ ചന്ദ്രയാൻ-3 യുടെ ലാൻഡിംഗ് ചുമതല ഒരു വനിതാ ശാസ്ത്രജ്ഞയുടെ കൈകളിലാണ്.
ഇന്ത്യയുടെ ‘റോക്കറ്റ് വുമൺ’ എന്നറിയപ്പെടുന്ന ലഖ്‌നൗവിന്റെ മകൾ ഡോ. ഋതു കരിദാൽ ശ്രീവാസ്തവയാണ് ചന്ദ്രയാൻ-3 യുടെ മിഷൻ ഡയറക്ടർ. ഏറെക്കാലമായി സജീവ ചർച്ചാ വിഷയമാണെങ്കിലും, രാഷ്ട്രത്തിന്റെ സുപ്രധാന ദൗത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ഈ പേര് ഒരിക്കൽ കൂടി ചർച്ചകളിൽ നിറയുകയാണ്. ആരാണ് ഋതു കരിദാൽ ശ്രീവാസ്തവ? നോക്കാം…
ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് കരിദാൽ ജനിച്ചത്. വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകിയ ഒരു ഇടത്തരം കുടുംബത്തിൽ വളർന്നു. ലഖ്‌നൗവിലെ നവയുഗ് കന്യാ മഹാവിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാലം മുതൽ ബഹിരാകാശ ഭൗതികശാസ്ത്രത്തിൽ താൽപ്പര്യമുണ്ടായിരുന്നു. ഐഎസ്ആർഒ, നാസ എന്നിവയുമായി ബന്ധപ്പെട്ട പത്രവാർത്തകളും വിവരങ്ങളും ഫോട്ടോഗ്രാഫുകളും ശേഖരിക്കുന്നതായിരുന്നു പ്രധാന ഹോബി.
കുട്ടിയായിരുന്നപ്പോൾ, മണിക്കൂറുകളോളം രാത്രി ആകാശത്തേക്ക് നോക്കിയിരിക്കുന്നു മകളുടെ കഥ ഒരിക്കൽ മാതാപിതാക്കൾ പങ്കുവച്ചിട്ടുണ്ട്. ചന്ദ്രനെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും പഠിക്കണമെന്ന് ഋതു എപ്പോഴും പറയാറുണ്ടത്രേ. ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എസ്‌സിയും എംഎസ്‌സിയും നേടി. പിന്നീട് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി ബാംഗ്ലൂരിലെ ഐഐഎസ്‌സിയിൽ ചേർന്നു. ഫിസിക്സിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും, 1997 നവംബറിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജോലിയോടുള്ള അഭിനിവേശം ഐഎസ്ആർഒയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഋതുവിനെ സഹായിച്ചു. ഐഎസ്ആർഒയിലെ വ്യത്യസ്ത ദൗത്യങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മാർസ് ഓർബിറ്റർ മിഷൻ യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുതിർന്ന ശാസ്ത്രജ്ഞയാണ് ഋതു കരിദാൽ ശ്രീവാസ്തവ. മംഗൾയാന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറായും ചന്ദ്രയാൻ-2ൽ മിഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
2007ൽ യംഗ് സയന്റിസ്റ്റ് അവാർഡും ഋതുവിന് ലഭിച്ചു. ഡോ. എപിജെ അബ്ദുൾ കലാം യംഗ് സയന്റിസ്റ്റ് അവാർഡ്, മാർസ് ആർബിറ്റർ മിഷനുള്ള ഐഎസ്ആർഒ ടീം അവാർഡ്, എഎസ്‌ഐ ടീം അവാർഡ്, സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്‌നോളജി ആൻഡ് ഇൻഡസ്ട്രീസിന്റെ എയ്‌റോസ്‌പേസ് വുമൺ അവാർഡ് എന്നിവയും ഋതുവിന് ലഭിച്ചിട്ടുണ്ട്.