ക്രിക്കറ്റിൽ സമത്വ വിപ്ലവവുമായി ഐസിസി; പുരുഷ-വനിതാ ടീമുകള്‍ക്ക് ഇനി തുല്യ സമ്മാനത്തുക

0
72

ലോക ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന തീരുമാനവുമായി അന്താരാഷ്ട ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റുകളില്‍ പുരുഷ- വനിത ടീമുകള്‍ക്ക് ഇനി മുതല്‍ തുല്യ സമ്മാനത്തുക നല്‍കുമെന്ന് അന്താരാഷ്ട ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 2023 നകം വനിതാ-പുരുഷ ടീമുകള്‍ക്കുള്ള സമ്മാനത്തുക പൂര്‍ണമായും തുല്യമാക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്.

ചരിത്രപരമായ ഈ തീരുമാനം ഏറെ സന്തോഷം നല്‍കുന്നതാണ്. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നല്‍കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ 2017 മുതല്‍ ഐസിസി വനിതാ ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പറഞ്ഞു.

‘ക്രിക്കറ്റ് യഥാർത്ഥത്തിൽ എല്ലാവർക്കും വേണ്ടിയുള്ള ഒരു കായിക വിനോദമാണ്, ഐസിസി ബോർഡിന്റെ ഈ തീരുമാനം അതിനെ ശക്തിപ്പെടുത്തുകയും ഗെയിമിനുള്ള ഓരോ കളിക്കാരന്റെയും സംഭാവനകളെ ഒരേപോലെ അനുമോദിക്കാനും വിലമതിക്കാനും ഞങ്ങളെ പ്രാപ്തരാക്കുന്നു.’- ഗ്രെഗ് ബാര്‍ക്ലെ കൂട്ടിച്ചേര്‍ത്തു.