Wednesday
17 December 2025
29.8 C
Kerala
HomeKeralaമണിപ്പൂര്‍ സംഘര്‍ഷം യൂറോപ്യന്‍ യൂണിയനില്‍; ബിജെപിക്ക് രൂക്ഷ വിമര്‍ശനം, ആഭ്യന്തര കാര്യമെന്ന് ഇന്ത്യ

മണിപ്പൂര്‍ സംഘര്‍ഷം യൂറോപ്യന്‍ യൂണിയനില്‍; ബിജെപിക്ക് രൂക്ഷ വിമര്‍ശനം, ആഭ്യന്തര കാര്യമെന്ന് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ മണിപ്പൂര്‍ കാലപത്തെക്കുറിച്ച് പ്രമേയം പാസാക്കി യൂറോപ്യന്‍ യൂണിയന്‍ (ഇ യു). ബിജെപി നേതാക്കളുടെ ദേശിയവാദത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന പ്ലീനറി സെഷനിൽ മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, നിയമവാഴ്ച എന്നിവയുടെ ലംഘനക്കേസുകളെ സംബന്ധിച്ച ചർച്ചയ്ക്കുള്ള പാർലമെന്റിന്റെ അജണ്ടയിൽ മണിപ്പൂരിലെ സംഘര്‍ഷവും ഉൾപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലെ അക്രമം, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയില്‍ യൂറോപ്യന്‍ യൂണിയന്‍ അപലപിക്കുകയും ചെയ്തു.

മണിപ്പൂര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയുടെ പ്രതികരണം. എന്നാല്‍ ന്യൂനപക്ഷങ്ങൾ, സമൂഹം, മനുഷ്യാവകാശ സംരക്ഷകർ, പത്രപ്രവർത്തകർ എന്നിവർ പതിവായി പീഡനം നേരിടുന്നതായി യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു. സ്ത്രീകൾ പ്രത്യേകിച്ചു കടുത്ത വെല്ലുവിളികളും അവകാശങ്ങളുടെ ലംഘനങ്ങളും അഭിമുഖീകരിക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാണിച്ചു.

2020 ഒക്ടോബറിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മനുഷ്യാവകാശ സംരക്ഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയും ബിജെപിയെക്കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തതായി പ്രമേയത്തില്‍ പറയുന്നു.

“മണിപ്പൂരില്‍ പ്രധാനമായും ഹിന്ദു മെയ്തേയ് സമുദായത്തിനും ക്രിസ്ത്യൻ കുക്കി ഗോത്രത്തിനും ഇടയില്‍ ഉടലെത്ത സംഘര്‍ഷങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും 40,000-ത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. നിരവധി കെട്ടിടങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന കലാപങ്ങളെ മണിപ്പൂർ മുമ്പ് നേരിട്ടിട്ടുണ്ട്. അതേസമയം, പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെയും ദേശീയതലത്തിലെയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാർ പ്രത്യേക മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന വിഭജന വംശീയ നയങ്ങൾ നടപ്പാക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു,” പ്രമേയം വ്യക്തമാക്കി.

സംഘര്‍ഷങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്ക് മാനുഷിക സഹായം നല്‍കാനും സ്വതന്ത്രമായ അന്വേഷണം നടത്താനും കേന്ദ്ര സര്‍ക്കാരിനോടും പ്രദേശിക അധികാരികളോടും യൂറോപ്യന്‍ യൂണിന്‍ നിര്‍ദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments