‘ഈ തൊപ്പി വീട്ടിൽ മതി; യൂണിഫോമിലുള്ളപ്പോള്‍ വേണ്ട’; കണ്ടക്ടറെ ചോദ്യം ചെയ്ത് യുവതി

0
153

ജോലി സമയത്ത് യൂണിഫോമിന്റെ കൂടെ തൊപ്പി ധരിച്ചെന്ന പേരിൽ ബസ് കണ്ടക്ടറോട് തർക്കിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) ബസിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം. വീഡിയോയിൽ യുവതിയുടെ മുഖം കാണിക്കുന്നില്ല. അവസാനം യുവതിയുടെ നിർബന്ധ പ്രകാരം കണ്ടക്ടർ തൊപ്പി ഊരുന്നതും വീഡിയോയിൽ കാണാം.

സര്‍ക്കാര്‍ ജോലിയില്‍, യൂണിഫോമിലുള്ളപ്പോള്‍ അതിനൊപ്പം പച്ച നിറത്തിലുള്ള തൊപ്പി ധരിക്കുന്നത് അനുവദനീയമാണോ എന്നാണ് യുവതി ചോദിക്കുന്നത്. മതം വീട്ടില്‍ മതിയെന്നും സര്‍ക്കാര്‍ ജോലിയില്‍ അത് കാണിക്കേണ്ട കാര്യമില്ലെന്നും യുവതി പറയുന്നുണ്ട്. യുവതിയുടെ പെരുമാറ്റത്തോട് വളരെ സൗമ്യമായാണ് കണ്ടക്ടര്‍ പ്രതികരിക്കുന്നത്. താന്‍ വര്‍ഷങ്ങളായി തൊപ്പി ധരിക്കുന്നയാളാണ് എന്ന് കണ്ടക്ടർ പറയുമ്പോള്‍ യൂണിഫോമിനൊപ്പം തൊപ്പി ധരിക്കുന്നത് ശരിയല്ലെന്നും ബന്ധപ്പെട്ട അധികൃതരെ ഇക്കാര്യം അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

യുവതി തർക്കം അവസാനിപ്പിക്കാതെ വന്നതോടെ തൊപ്പി തലയിൽനിന്ന് ഊരിയെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിടുന്നതും വിഡിയോയിലുണ്ട്. കണ്ടക്ടറോടുള്ള യുവതിയുടെ പെരുമാറ്റം മോശമായെന്നു വീഡിയോയുടെ താഴെ കുറെപ്പേർ അഭിപ്രായപ്പെട്ടു. ബസിലെ മറ്റു യാത്രക്കാരാരും വിഷയത്തിൽ ഇടപെടുന്നതായി വിഡിയോയിൽ കാണുന്നില്ല.