വിജയ് നയം വ്യക്തമാക്കുന്നു ; വിദ്യാര്‍ഥികള്‍ക്കായി 234 മണ്ഡലങ്ങളിലും ‘ഇരവു നേര പാഠശാലൈ’;

0
128

രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെ പുതിയ നീക്കവുമായി നടന്‍ വിജയ്. കഴിഞ്ഞ ദിവസം ചെന്നൈ പനയൂരിലുള്ള താരത്തിന്‍റെ ഫാമില്‍ വെച്ച് ആരാധാക സംഘടനയായ മക്കള്‍ ഇയക്കം പ്രവര്‍ത്തകരുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായി വിവിധ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഇതിന്‍റെ ആദ്യ പടിയെന്നോണം തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മക്കള്‍ ഇയക്കത്തിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി രാത്രികാല പഠന കേന്ദ്രം (ഇരവുനേര പാഠശാലൈ) ആരംഭിക്കുന്നു എന്നാണ് വിവരം.

തമിഴ്നാടിന്‍റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്‍റെ ജന്മവാര്‍ഷിക ദിനമായ ജൂലൈ 15ന് പദ്ധതി തുടക്കം കുറിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ അംബേദ്കരെയും പെരിയാറിനെയും കാമരാജിനെയും പോലുള്ള നേതാക്കളെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് വിജയ് പറഞ്ഞിരുന്നു.

തമിഴകത്തെ യുവാക്കള്‍ക്കിടയില്‍ അത്രമേല്‍ സ്വാധീനമുള്ള വിജയ് യുവാക്കളെയും വിദ്യാര്‍ഥികളെയും ഒപ്പം കൂട്ടി രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം എന്ന് വിലയിരുത്താം. നിലവില സാഹചര്യത്തില്‍ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.