‘ഇന്ത്യ 2075ൽ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകും’ ; ​ഗോൾഡ്മാൻ സാക്സ്

0
198

ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ​ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട്. 2075 വർഷത്തോടെ ജപ്പാൻ, ജർമ്മനി, യുഎസ് എന്നീ രാജ്യങ്ങളെ ഇന്ത്യ മറികടക്കും. രാജ്യത്തെ മനുഷ്യവിഭവ ശേഷി, വളർച്ച തീരുമാനിക്കുന്നതിൽ നിർണായക ഘടകമാണ്. തൊഴിലുകൾ ഉല്പാദനക്ഷമത കൈവരിക്കുന്നത് വളർച്ചാ നിരക്കുകൾ വർധിപ്പിക്കും. ജനസംഖ്യാവളർച്ചയെ പോസിറ്റീവായി ഉപയോ​ഗിക്കുന്നത് ​ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതേ സമയം രാജ്യത്തെ ലേബർ ഫോഴസ് പാർട്ടിസിപ്പേഷൻ കുറയുന്നത് വെല്ലുവിളിയാണെന്ന് റിപ്പോർട്ട് വിലയിരുത്തി. കഴിഞ്ഞ നിരവധി വർഷങ്ങളിലായി ഈ കണക്കുകൾ താഴേക്കാണ്. കയറ്റുമതി കുറയുന്നതും രാജ്യത്തിന് മുന്നിലുള്ള, പരിഹരിക്കപ്പെടേണ്ട വെല്ലുവിളിയാണെന്നും വിലയിരുത്തി.

ഇന്ത്യ 2075 വർഷത്തോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഗോൾഡ്മാൻ സാക്സ്. ജപ്പാൻ, ജർമ്മനി, യുഎസ് എന്നീ രാജ്യങ്ങളെ മറികടന്നു കൊണ്ടായിരിക്കും ഇത്. ഇൻവെസ്റ്റ്മെന്റ് ബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾ ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം (GDP) നാടകീയമായി ഉയരുമെന്നും വിലയിരുത്തപ്പെടുന്നു.

നിലവിൽ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ജർമ്മനി, ജപ്പാൻ, ചൈന,യുഎസ് എന്നീ രാജ്യങ്ങൾക്ക് പിന്നിലായിട്ടാണിത്. അടുത്ത രണ്ട് പതിറ്റാണ്ടുകളിൽ പ്രാദേശിക സമ്പദ് വ്യവസ്ഥകളിൽ ആശ്രിതത്വ അനുപാതം ഏറ്റവും കുറവുള്ള രാജ്യങ്ങളി‍ൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഗോൾഡ്മാൻ സാക്സിന്റെ ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധനായ ശന്തനു സെൻഗുപ്ത പറഞ്ഞു. ഇതിൽ ഇന്ത്യയിലെ അതിവേഗം വളരുന്ന ജനസംഖ്യ, ലേബർ ഫോഴ്സിലെ പങ്കാളിത്തം വൻ തോതിൽ വർധിപ്പിക്കും. ഇത്തരത്തിൽ വർധിച്ചിരിക്കുന്ന മനുഷ്യവിഭവ ശേഷിക്ക് പരിശീലനം നൽകി കഴിവുകൾ മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കും. അടുത്ത 20 വർഷത്തേക്ക്, വലിയ സമ്പദ് വ്യവസ്ഥകൾക്കിടയിൽ ആശ്രിതത്ത്വ അനുപാതം കുറവുള്ള ഒരു രാജ്യമായി ഇന്ത്യ തുടരും. ഇക്കാലത്ത് ഉല്പാദന ശേഷി വികസനം, സേവനങ്ങളിലെ വളർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച എന്നിവയിൽ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പുതിയ കണ്ടു പിടിത്തങ്ങളും, തൊഴിലാളികളുടെ ഉല്പാദനക്ഷമതയും രാജ്യത്തെ സംബന്ധിച്ച് നിർണായകമാകുമെന്ന് ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട് വിലയിരുത്തി. ഭാവി വളർച്ചയിൽ നിർണായകമാകുന്നത് മൂലധന നിക്ഷേപമാണ്. ആശ്രിതത്ത്വ അനുപാതത്തിലെ കുറവ്, വരുമാന വർധനവ്, ഫിനാൻഷ്യൽ സെക്ടറിലെ വികസനം തുടങ്ങിയവ രാജ്യത്തിന് ഗുണകരമായി മാറും.

ഇതെല്ലാം മുൻ നിർത്തി, മുന്നേറാനുള്ള ശ്രമം സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ കോർപറേറ്റുകളുടെയും, ബാങ്കുകളുടെയും ബാലൻസ് ഷീറ്റ് ആരോഗ്യകരമാണ്. ഇവിടെ സ്വകാര്യ മേഖലയിൽ ചാക്രികമായി നിക്ഷേപം വർധിക്കുന്ന സാഹചര്യം ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇന്തയിെല കയറ്റുമതി നിരക്കുകൾ വളർച്ച കൈവരിക്കാത്തതും, തൊഴിൽ പങ്കാളിത്ത നിരക്കുകൾ വർധിക്കാത്തതും വെല്ലുവിളികളാണ്. കഴിഞ്ഞ 15 വർഷങ്ങളായി തൊഴിൽ പങ്കാളിത്ത നിരക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണ്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്കാളിത്ത നിരക്കും കുറവാണ്. തൊഴിൽ പങ്കാളിത്ത നിരക്കുകളിലെ വർധന രാജ്യത്തിന്റെ ഭാവി വളർച്ചയ്ക്ക് വളരെയധികം സഹായകമാകുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.