യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു, അടിയന്തര യോഗം വിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

0
123

ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു. യമുന നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം കണക്കിലെടുത്ത് പ്രളയബാധിത പ്രദേശങ്ങളിൽ സെക്ഷൻ 144 പ്രഖ്യാപിച്ചു.

ഡൽഹി സെക്രട്ടേറിയറ്റിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം നടക്കുക. അതിനിടെ ഡൽഹിയിലെ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള, യമുനയുടെ തീരപ്രദേശങ്ങളിൽ ഡൽഹി പോലീസ് സെക്ഷൻ 144 CrPC പ്രഖ്യാപിച്ചു.

ഡൽഹിയില്‍ യമുന നദിയിലെ ജലനിരപ്പ്‌ അപകട മേഖല കടന്ന് 207.25 മീറ്ററായി ഉയർന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഇതിന് മുന്‍പ് ഇതേ നിലയില്‍ യമുനയില്‍ ജലനിരപ്പ്‌ ഉയര്‍ന്നത് 1978ലാണ്. അന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ജലനിരപ്പ് 207.49 മീറ്റര്‍ ആയിരുന്നു. അതായത് യമുനയിലെ ജലനിരപ്പ് ഏറ്റവും അപകടകരമായ നിലയിലാണ് എന്ന് സർക്കാർ ഏജൻസികൾ ബുധനാഴ്ച അറിയിച്ചു.

സെൻട്രൽ വാട്ടർ കമ്മീഷന്‍റെ (CWC) ഫ്‌ളഡ് ട്രാക്കിംഗ് പോർട്ടൽ അനുസരിച്ച്, പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 2013 ന് ശേഷം ആദ്യമായി 4 മണിക്ക് 207 മീറ്റർ കടന്ന് ബുധനാഴ്ച രാവിലെ 8 മണിയോടെ 207.25 മീറ്ററായി ഉയർന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ നദിയിലെ ജലനിരപ്പ് 207.35 മീറ്ററായി ഉയരുമെന്നും ജലനിരപ്പ് ഇനിയും ഉയരുമെന്നും ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി യമുനയിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെ 203.14 മീറ്ററിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ 205.4 ലേക്ക് ജലനിരപ്പ്‌ കുതിച്ചു, പ്രതീക്ഷിച്ചതിലും 18 മണിക്കൂർ മുന്‍പ് ജലനിരപ്പ് അപകട നില കടന്നു.

ദേശീയ തലസ്ഥാനം ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനിടെ ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനാ നദിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഹത്‌നികുണ്ഡ്‌ ബാരേജിലൂടെ 2,15,677 ക്യുസെക്‌സ്‌ വെള്ളമാണ്‌ ഒഴുക്കിവിട്ടതെന്ന്‌ വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്‌ അറിയിച്ചു. കൂടാതെ, തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിൽ ശക്തമായ മഴയും ഉണ്ടായി.

തിങ്കളാഴ്‌ച രാത്രിയോടെ നദിയിലെ ജലനിരപ്പ്‌ 206 മീറ്റർ പിന്നിട്ടതോടെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും റോഡ്, റെയിൽ ഗതാഗതത്തിനായി പഴയ റെയിൽവേ പാലം അടച്ചിടുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് 2013ൽ യമുനയിലെ ജലനിരപ്പ്‌ 207.32 മീറ്ററിലെത്തിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ജലനിരപ്പ്‌ യമുനയില്‍ രേഖപ്പെടുത്തുന്നത്.