ബെംഗളൂരുവിലെ ഒരു ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും മുൻ ജീവനക്കാരൻ ഓഫീസിൽ അതിക്രമിച്ച് കയറി വാളുകൊണ്ട് വെട്ടി അതിക്രൂരമായി കൊലപ്പെടുത്തി. എയറോണിക്‌സ് ഇൻറർനെറ്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഫണീന്ദ്ര സുബ്രഹ്മണ്യ, മലയാളിയായ സിഇഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പമ്പ എക്‌സ്‌റ്റൻഷനിലുള്ള അമൃതഹള്ളിയിലെ എയറോണിക്‌സ് ഓഫീസിലാണ് സംഭവം നടന്നത്. ഇരുവരെയും അതിക്രൂരമായി ആക്രമിച്ച ശേഷം മുന്‍ ജീവനക്കാരനായ ഫെലിക്സ് ഓടി രക്ഷപെടുകയായിരുന്നു. ശിവമോഗ നിവാസിയാണ് ഫെലിക്സ് എന്നും ഇയാള്‍ നിലവില്‍ ഒളിവിലാണ് എന്നും നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു.
അക്രമി ഫെലിക്സ് മുമ്പ് ഈ കമ്പനിയിൽ ജോലി ചെയ്തിരുന്നതായും സ്വന്തം ബിസിനസ് ആരംഭിക്കാനായി ജോലി ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫണീന്ദ്ര സുബ്രഹ്മണ്യവും വിനു കുമാറും തന്‍റെ ബിസിനസ് കാര്യങ്ങളിൽ ഇടപെടുന്നതായി കണ്ടതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വൈകിട്ട് 4 മണിയോടെയാണ് ഫെലിക്സ് ഓഫീസില്‍ അതിക്രമിച്ചു കയറിയത്. വാളും കഠാരയുമായി എത്തിയ ഇയാള്‍ ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന പത്ത് ജീവനക്കാരുടെ മുന്‍പില്‍ വച്ചാണ് ആക്രമണം നടത്തിയത്. ഇരുവരെയും അയാള്‍ ക്രൂരമായി മർദ്ദിച്ചു. ജീവനക്കാര്‍ ബഹളം വച്ചതോടെ ഇയാള്‍ പിൻവാതിലിലൂടെ ഓടി രക്ഷപെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ലോക്കൽ പോലീസിന്‍റെ സഹായത്തോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തി. മുൻ ജീവനക്കാരന്‍ ഫെലിക്‌സ് ആണ് കുറ്റകൃത്യം നടത്തിയത് എന്ന് തിരിച്ചറിയാൻ ദൃക്‌സാക്ഷി വിവരണങ്ങൾ സഹായിച്ചു. ഫെലിക്‌സ് അടുത്തിടെ കമ്പനി വിട്ട് സ്വന്തം സംരംഭം ആരംഭിച്ചിരുന്നു. ബിസിനസ് വൈരാഗ്യമോ അല്ലെങ്കില്‍ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്‍റെ വൈരാഗ്യമോ ആകാം കൊലയ്ക്ക് പിന്നില്‍ എന്ന് പോലീസ് പറയുന്നു.
നിലവിൽ പ്രതിയെ പിടികൂടാൻ നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ് ഡിവിഷൻ) ലക്ഷ്മി പ്രസാദ് പറഞ്ഞു. പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുള്ളതായും പോലീസ് പറയുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഫെലിക്‌സ്. ഏറെ ഓൺലൈൻ ഫോളോവേഴ്‌സ് ഇയല്‍ക്കുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്.