600 കോടി ചെലവിൽ ചന്ദ്രയാൻ-3 ദൗത്യം, ചന്ദ്രയാൻ 2 നെക്കാൾ ചെലവ് കുറവ്

0
198

രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ചന്ദ്രയാൻ-3 യുടെ വിക്ഷേപണത്തിന് കാത്തിരിക്കുന്നത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3 ജൂലൈ 14ന് വിക്ഷേപണം ചെയ്യും. വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് ചന്ദ്രയാൻ -3 വഹിച്ചുകൊണ്ട് എൽവിഎം-3 പറന്നുയരും.

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളിൽ മൂന്നാമത്തേതാണ് ചന്ദ്രയാൻ 3. ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണ് ഇത്. ചന്ദ്രയാൻ ആദ്യ ദൗത്യം വിജയകരവും രണ്ടാം ദൗത്യം ഭാഗിക പരാജയമായിരുന്നു. തുടർന്നാണ് ചന്ദ്രയാൻ മൂന്നിനായി ഇന്ത്യ ശ്രമം ആരംഭിച്ചത്. ചാന്ദ്ര ദൗത്യം വിജയകരമാക്കിയത് മൂന്ന് രാജ്യങ്ങൾ മാത്രമാണ്.

ചന്ദ്രയാൻ-2ന്റെ തുടർച്ചയാണ് ചന്ദ്രയാൻ മൂന്ന്. ചന്ദ്രയാൻ-2 ന് സമാനമായ ലാൻഡറും റോവറുമുണ്ട് ഇതിൽ. എന്നാൽ ചന്ദ്രയാൻ-2 ൽ നിന്ന് വ്യത്യസ്തമായി ഇതിന് ഓർബിറ്റർ ഇല്ല. പ്രൊപ്പൽഷൻ മൊഡ്യൂൾ ആണ് ആശയവിനിമയ ഉപഗ്രഹത്തിന് സമാനമായി രൂപപ്പെടുത്തിയത്. ചന്ദ്രയാൻ 3യുടെ പ്രാരംഭ ചെലവ് 600 കോടി രൂപയാണ് ഐഎസ്ആർഒ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദൗത്യം പൂർത്തിയാകാൻ 615 കോടി രൂപ വേണ്ടി വരുമെന്നാണ് വിലയിരുത്തൽയ

ഹോളിവുഡ് സിനിമകളുടെ നിർമ്മാണ ചെലവിനെക്കാൾ കുറവാണ് ചന്ദ്രയാൻ 2ന്

2019ൽ പുറത്തിറങ്ങിയ ചന്ദ്രയാൻ-2 ന്റെ ചെലവ് ഹോളിവുഡ് ചിത്രമായ അവതാർ, അവഞ്ചേഴ്സ് എൻഡ്ഗെയിം എന്നിവയേക്കാൾ കുറവാണ്. കഠിനമായ ലാൻഡിംഗും തുടർന്നുള്ള വിക്രം ലാൻഡറിന്റെ പരാജയവും ഉണ്ടായിരുന്നിട്ടും, ഐഎസ്ആർഒ ചന്ദ്രോപരിതലത്തിൽ എത്തിയിരുന്നു. 978 കോടി രൂപയായിരുന്നു ചന്ദ്രയാൻ-2ന്റെ മുഴുവൻ ദൗത്യത്തിന്റെയും ചെലവ്. ഇതിൽ 603 കോടി രൂപ ദൗത്യത്തിന്റെ ചെലവും വിക്ഷേപണച്ചെലവ് 375 കോടി രൂപയുമാണ്. 2443 കോടി രൂപയ്ക്കാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം നിർമ്മിച്ചത്. അവതാർ 3282 കോടി രൂപയ്ക്കാണ് നിർമ്മിച്ചത്.

ചൈനയുടെ ചാങ്-ഇ 4 ചാന്ദ്രദൗത്യം 69.38 ലക്ഷം കോടിയുടെ പദ്ധതിയായിരുന്നു. നീൽ ആംസ്‌ട്രോങ് മുതൽ 825 ലക്ഷം കോടി രൂപയാണ് ചന്ദ്രദൗത്യത്തിനായി അമേരിക്ക ഇതുവരെ ചെലവഴിച്ചത്. റഷ്യയും അതിന്റെ തുടക്കം മുതൽ ചാന്ദ്ര ദൗത്യങ്ങൾക്കായി 165 ലക്ഷം കോടി രൂപ വരെ ചെലവഴിച്ചിട്ടുണ്ട്.

ചൈനയുടെ ചാന്ദ്രദൗത്യത്തേക്കാൾ രണ്ടര മടങ്ങ് വില കുറഞ്ഞതായിരുന്നു ചന്ദ്രയാൻ-1

2008 ഒക്ടോബർ 22നാണ് ചന്ദ്രയാൻ-1 വിക്ഷേപിച്ചത്. 2009 ഓഗസ്റ്റ് 28 വരെ അത് ഉപരിതലത്തിൽ പ്രവർത്തിച്ചു. ചന്ദ്രനിൽ വെള്ളം കണ്ടെത്തി. ഐഎസ്ആർഒയുടെ ബജറ്റ് ഫ്രണ്ട്‌ലി ബഹിരാകാശ പേടകമായിരുന്നു ഇത്. 386 കോടി രൂപയാണ് ഈ ദൗത്യത്തിനായി ചെലവഴിച്ചത്. അതായത് ഏകദേശം 76 മില്യൺ ഡോളർ. അതേസമയം, അക്കാലത്ത് ചൈനയുടെ ചാങ്-ഇ 1-ന്റെ വില 180 ദശലക്ഷം ഡോളറായിരുന്നു, അതായത് ചന്ദ്രയാൻ-1-നേക്കാൾ രണ്ടര ഇരട്ടി.

എന്തുകൊണ്ടാണ് ചന്ദ്രയാൻ-3-ന് ചന്ദ്രയാൻ-2-നേക്കാൾ വിലകുറഞ്ഞത്?

ഐഎസ്ആർഒ ശാസ്ത്രജ്ഞർ ചന്ദ്രയാൻ-3ൽ ഒരു ഓർബിറ്റർ നിർമ്മിച്ചിട്ടില്ല. ഇവിടെ പ്രൊപ്പൽഷൻ മൊഡ്യൂൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു ആശയവിനിമയ ഉപഗ്രഹം പോലെയാണ് പ്രവർത്തിക്കുന്നത്. അതായത് ലാൻഡർ മൊഡ്യൂൾ ചന്ദ്രനു സമീപം എത്തിയാൽ അത് ഭൂമിയും ലാൻഡറും തമ്മിലുള്ള ആശയവിനിമയത്തിന് മാത്രമേ സഹായിക്കൂ. ഇതുകൂടാതെ, വിദൂര ബഹിരാകാശത്ത് നിലവിലുള്ള എക്‌സോപ്ലാനറ്റുകളേയും ഇത് പഠിക്കും. അതുകൊണ്ടാണ് ചാന്ദ്രയാൻ 2നെക്കാൾ മൂന്നാം ദൗത്യം ചെലവ് കുറഞ്ഞതാകുന്നത്.