‘ഇന്ത്യയുടെ വൈവിധ്യ സംസ്‌കാരത്തിന് ഹാനികരം’: ഏകീകൃത സിവില്‍ കോഡിനെതിരെ തെലങ്കാന മുഖ്യമന്ത്രി

0
186

എകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു. എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി അടക്കമുള്ള നേതാക്കളും ആള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗങ്ങളും കഴിഞ്ഞ ദിവസം ചന്ദ്രശേഖരറാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രഗതി ഭവനിലുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കലിനെതിരെ നിലകൊള്ളണമെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിയെ വിമര്‍ശിച്ച് റാവു രംഗത്തെത്തിയത്.

ഇന്ത്യയുടെ വൈവിധ്യ സംസ്‌കാരത്തിന് ഹാനികരമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കല്‍ എന്ന് ചന്ദ്രശേഖര റാവു വ്യക്തമാക്കി. ഇന്ത്യയെ ഭിന്നിപ്പിക്കാനെ ഈ നിയമം സഹായിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവിഭാഗങ്ങള്‍, ഹിന്ദുക്കള്‍, വിവിധ സംസ്‌കാരങ്ങള്‍ പിന്തുടരുന്ന വിഭാഗങ്ങള്‍ എന്നിവര്‍ നിലവിലെ ചര്‍ച്ചകളില്‍ അസ്വസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രത്തിനെതിരെ പോരാടാന്‍ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രതീരുമാനത്തിനെതിരെ വിപുലമായ കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളായ കെ കേശവറാവുവിനും നാമ നാഗേശ്വറിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എകീകൃത സിവില്‍ കോഡിനെ എതിര്‍ക്കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഒവൈസി

എകീകൃത സിവില്‍ കോഡിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയോട് ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. ഏകീകൃത സിവില്‍ കോഡിന്റെ മറവില്‍ ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയേയും മതേതരത്വത്തേയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.” നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് ക്രിസ്ത്യന്‍, ഗോത്രവിഭാഗം തുടങ്ങി നിരവധി ഗ്രൂപ്പുകളെ ബാധിക്കും. ഇന്ത്യയൊട്ടാകെ ഇതിന്റെ പരിണത ഫലമുണ്ടാകുകയും ചെയ്യും. രണ്ട് വ്യത്യസ്ത നിയമം കൊണ്ട് ഒരു കുടുംബത്തെ എങ്ങനെ നയിക്കാനാകും എന്നീ പ്രസ്താവനകള്‍ നടത്തി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കാത്തവരാണ് ബിജെപിയും ആര്‍എസ്എസുമെന്നും,’ ഒവൈസി പറഞ്ഞു.

എകീകൃത സിവില്‍ കോഡില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി എഐഎംഐഎം മുഖ്യവക്താവ് വാരിസ് പഥാനും രംഗത്തെത്തിയിരുന്നു. ” ഏകീകൃത സിവില്‍ കോഡിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട കാര്യമില്ലെന്ന് നിയമകമ്മീഷന്‍ വരെ പറഞ്ഞു. ഇന്ത്യയിലെ പൗരന്‍മാരുടെ മൗലിക അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ 14,16, 26, 29 എന്നീ ആര്‍ട്ടിക്കിളിലൂടെ സംരക്ഷിക്കപ്പെടുന്നുണ്ട്. വ്യത്യസ്ത സാംസ്‌കാരിക ഗ്രൂപ്പുകള്‍ക്ക് തങ്ങളുടെ ഭാഷയും ലിപിയും സംരക്ഷിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിളാണ് 29. വ്യത്യസ്ത സംസ്‌കാരങ്ങള്‍ വിശ്വസിക്കുന്ന നിരവധി വിഭാഗങ്ങളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. അങ്ങനെയുള്ള രാജ്യത്ത് എങ്ങനെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും? ഏകീകൃത സിവില്‍ കോഡിനായി ഒരു കരട് രൂപം പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം,’ വാരിസ് പഥാന്‍ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് ബിജെപിയുടെ നിലപാട്. ഏകീകൃത സിവില്‍ കോഡിന്റെ കരട് ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് തെലങ്കാന ബിജെപി ഉപാധ്യക്ഷന്‍ എന്‍വിഎസ്എസ് പ്രഭാകര്‍ പറഞ്ഞു. ” വിഷയത്തില്‍ സമവായം ഉണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കുന്നവരാണ്. രാഷ്ട്രീയത്തിന് അതീതമായ വിഷയമാണിത്,” പ്രഭാകര്‍ പറഞ്ഞു. ” ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനടപടിയില്‍ പാര്‍ട്ടികള്‍ ഔദ്യോഗികമായി ഒരു നിലപാട് സ്വീകരിച്ചെങ്കിലും പലരും പാര്‍ട്ടി പരിമിതി കടന്ന് ആ നീക്കത്തെ പിന്തുണച്ചിരുന്നു. ആ പിന്തുണയോടെയാണ് ബില്‍ രാജ്യസഭയിലും ലോക്‌സഭയിലും പാസാക്കിയത്. വിഷയത്തില്‍ പല കക്ഷികള്‍ക്കിടയിലും ഭിന്നതയുണ്ടായിരുന്നു. ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തിലും ഇതേ മാതൃക ആവര്‍ത്തിച്ചേക്കാം,” പ്രഭാകര്‍ പറഞ്ഞു.