ജർമ്മനിയിൽ നഴ്സുമാർക്ക് അവസരങ്ങൾ :നോർക്ക റൂട്ട്സ്-ട്രിപ്പിൾ വിൻ നാലാം ഘട്ടത്തിലേയ്ക്ക് 15 മുതൽ അപേക്ഷിക്കാം

0
87

കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് 2023 ജൂലൈ 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം.

ജനറൽ നഴ്സിംഗ് അല്ലെങ്കിൽ ബി.എസ് .സി നേഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിംഗ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമുണ്ട് .എന്നാൽ ബിഎസ് .സി നേഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിംഗ് എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം നിർബന്ധമില്ല. ഉയർന്ന പ്രായപരിധി 39 വയസ്സായിരിക്കും.
1985 ജനുവരി 1 ന് മുമ്പ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല.

2023 സെപ്റ്റംബർ മാസത്തിലാകും ഇൻറർവ്യൂ നടക്കുക. ആദ്യഘട്ടങ്ങളിലേതുപോലെ നാലാം ഘട്ടത്തിലും 300 നഴ്സുമാർക്കാണ് അവസരം.

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. മലയാളികളായ നഴ്സുമാർക്ക് മാത്രമാകും ട്രിപ്പിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭാഷാപരിചയം 2023 ഡിസംബർ മാസം ആരംഭിക്കുന്നതാണ്. മൂന്നു ഘട്ടങ്ങളിലായി ആകെ 800 നഴ്സുമാർ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. തുടർന്ന് ജർമ്മനിയിൽ നിയമനത്തിനുശേഷം ജർമ്മൻ ഭാഷയിൽ ബി.2 ലെവൽ പരിശീലനവും ലഭിക്കും.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.