ചാരവൃത്തി; വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരൻ അറസ്‌റ്റിൽ

0
153

വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരാളെ ചാരവൃത്തി ആരോപിച്ച് ഗാസിയാബാദ് പോലീസ് അറസ്‌റ്റ് ചെയ്‌തതായി. ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച്, ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് ക്രോസിംഗ്സ് റിപ്പബ്ലിക്ക് ഏരിയയിൽ നിന്ന് നവീൻ പാൽ എന്ന വ്യക്തിയെ പിടികൂടിയത്.

വിദേശകാര്യ മന്ത്രാലയ രേഖകളും ജി 20 യോഗവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഒരാൾക്ക് കൈമാറിയതായി നവീൻ പാലിനെതിരായ എഫ്‌ഐആറിൽ പരാമർശമുണ്ട്. വാട്‍സ്ആപ്പ് വഴിയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്.

അന്വേഷണത്തിൽ നവീൻ പാൽ ഒരു സ്ത്രീയുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞു. തുടർന്ന് വാട്‍സ്ആപ്പിലൂടെ അവരോട് സംസാരിക്കാൻ തുടങ്ങി. യുവതിയുടെ നമ്പർ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ളതാണെന്നാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ, നമ്പറിന്റെ ഐപി വിലാസം പരിശോധിച്ചപ്പോൾ ഇത് കറാച്ചിയിൽ നിന്നുള്ളതാണെന്ന് തെളിഞ്ഞു.

നവീന്റെ മൊബൈൽ ഫോണിൽ നിന്ന് വിദേശകാര്യ മന്ത്രാലയവും ജി20യുമായി ബന്ധപ്പെട്ട നിരവധി രേഖകളും പോലീസ് കണ്ടെടുത്തു. ‘സീക്രട്ട്’ എന്ന പേരിലാണ് ഫയലുകൾ സൂക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള ഒരു സ്ത്രീ നവീന്റെ അക്കൗണ്ടിലേക്ക് കുറച്ച് തുക കൈമാറിയതായും പോലീസ് പറഞ്ഞു.