ചന്ദ്രയാന്‍-3യുടെ വിക്ഷേപണത്തെ രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഘടിപ്പിച്ച ചന്ദ്രയാന്‍-3യുടെ ലാന്‍ഡിംഗില്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാനുള്ള കഴിവും വിക്ഷേപണ വാഹനത്തിനുണ്ടെന്ന് പറയുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശത്ത് ലാന്‍ഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ബദല്‍ ലാന്‍ഡിംഗ് സൈറ്റിലേക്ക് നീങ്ങാനുള്ള കഴിവ് ചന്ദ്രയാന്‍-3യ്ക്കുണ്ടെന്ന് അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു. ചന്ദ്രനില്‍ സേഫ് ലാന്‍ഡിംഗ് വിജയകരമായി നടത്താനാണ് ശാസ്ത്രസംഘം ലക്ഷ്യമിടുന്നത്.
‘ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തായി ഒരു പ്രത്യേക പോയിന്റില്‍ വാഹനമിറക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇനിയെന്തെങ്കിലും കാരണം കൊണ്ട് അക്കാര്യം നടന്നില്ലെങ്കില്‍ ആ പ്രദേശത്തിനുള്ളില്‍ എവിടെ വേണമെങ്കിലും വാഹനമിറക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ ഇന്ധനവും മറ്റൊരു പ്രദേശത്തേക്ക് യാത്ര ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിക്ഷേപണ വാഹനം തീര്‍ച്ചയായും ചന്ദ്രോപരിതലത്തില്‍ ഇറങ്ങും,’ എസ്. സോമനാഥ് പറഞ്ഞു.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍-3 വിക്ഷേപിക്കുന്നത്.ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഈ അവസരം നഷ്ടപ്പെട്ടാല്‍ അനിയോജ്യമായ മറ്റൊരു ദിവസവും സമയവും കണ്ടെത്തും. അത് പക്ഷെ വളരെ വ്യത്യസ്തമായ മിഷനായിരിക്കുമെന്നും,’ സോമനാഥ് പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ച രാജ്യങ്ങളാണ് സോവിയറ്റ് യൂണിയന്‍, ചൈന, യുഎസ് എന്നിവ. ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉള്‍പ്പെടും.അതേസമയം ഇന്ത്യയുടെ അടുത്ത ചാന്ദ്ര പദ്ധതിയെപ്പറ്റിയും സോമനാഥ് സൂചന നല്‍കി.
ജപ്പാനുമായി ചേര്‍ന്ന് ചന്ദ്രപര്യവേഷണത്തിനായി പദ്ധതിയിടുന്നുണ്ട്. പദ്ധതിയുടെ ടെക്‌നിക്കല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഒരു ലാന്‍ഡര്‍ വികസിപ്പിച്ച് ചന്ദ്രോപരിതലത്തിലെ ഒരു പ്രത്യേക സ്ഥലത്ത് ലാന്‍ഡ് ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ബാക്കിയുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ നമ്മള്‍ നിര്‍മ്മിക്കും,’ അദ്ദേഹം പറഞ്ഞു. ചന്ദ്രനിലേക്കുള്ള ഐഎസ്ആര്‍ഒ പദ്ധതി പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” മൂന്ന് തവണ ഈ ദൗത്യം നമ്മള്‍ ചെയ്ത് കഴിഞ്ഞു. ചന്ദ്രയാന്‍-2ല്‍ വിജയം പ്രതീക്ഷിച്ച് നിര്‍മ്മിച്ച ഡിസൈനായിരുന്നു നമുക്കുണ്ടായിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രയാന്‍-3ല്‍ ഒരു ഫെയിലിയർ ബേസ്ഡ് ഡിസൈൻ ആണ് ഞങ്ങള്‍ പിന്തുടര്‍ന്നത്. എന്തൊക്കെ പരാജയ സാധ്യതകളാണ് വിക്ഷേപണത്തില്‍ നേരിടേണ്ടി വരിക എന്ന കാര്യങ്ങളും വിശകലനം ചെയ്തിട്ടുണ്ട്,” സോമനാഥ് പറഞ്ഞു.
പരാജയ സാധ്യതകളെപ്പറ്റി ശാസ്ത്രസംഘം കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. സെന്‍സര്‍, അല്‍ഗോരിതം, എന്‍ജിന്‍ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് വാഹനത്തില്‍ ഘടിപ്പിച്ചത്. ആവശ്യത്തിന് ഊര്‍ജം ഉറപ്പാക്കാന്‍ ലാന്‍ഡറില്‍ അധികം സോളാര്‍ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയെങ്കിലും ചന്ദ്രോപരിതലത്തിന്റെ ഹൈ റെസല്യൂഷന്‍ ചിത്രങ്ങളെടുക്കാന്‍ അവയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു. ” ഇത്തവണ ലാന്‍ഡിംഗ് സൈറ്റിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഞങ്ങള്‍ക്ക് അറിയാം. ലാന്‍ഡിംഗ് നടത്തുന്ന പ്രദേശത്തെ ഗര്‍ത്തങ്ങള്‍, പാറകള്‍ എന്നിവയെപ്പറ്റിയെല്ലാം വിശദമായി പഠിച്ചിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ജല തന്‍മാത്രകളുടെ സാന്നിദ്ധ്യത്തെപ്പറ്റി കൂടുതല്‍ പര്യവേക്ഷണം നടത്താനും ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ ആദ്യ ചന്ദ്രയാന്‍ ദൗത്യത്തില്‍ തന്നെ ചന്ദ്രനിലെ ജലസാന്നിദ്ധ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.” ഇത്തവണത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. സൂര്യപ്രകാശം കുറവുള്ള പ്രദേശങ്ങളില്‍ ജലസാന്നിദ്ധ്യം കണ്ടെത്താന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ പ്രദേശത്ത് ഇതുവരെ ആരും കടന്നുവന്നിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.