തക്കാളിക്ക് കാവൽ നിൽക്കാൻ ബോഡിഗാർഡിനെ ഏർപ്പെടുത്തി കടയുടമ

0
113

സ്വർണ്ണവില പോലെ കുതിച്ചുയരുകയാണ് തക്കാളിയുടെ വിലയും. നൂറും നൂറ്റമ്പതുമെക്കെ കടന്ന് കുതിച്ചു പായുകയാണ് തക്കാളി. തക്കാളി മോഷണം പോയാലോ എന്നൊരു പേടി കച്ചവടക്കാർക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഈ തക്കാളിക്ക് കാവൽ നിൽക്കാൻ ആളിനെ ഏർപ്പെടുത്തിയിരിക്കുകയാണ് ഒരു പച്ചക്കറി കടയുടമ. ഉത്തർപ്രദേശിലെ വാരണാസിയിലെ ഒരു പച്ചക്കറി കച്ചവടക്കാരനാണ് ഇത്തരത്തിൽ തന്റെ കടയുടെ മുന്നിൽ തക്കാളിക്ക് ബോഡിഗാർഡായി രണ്ടുപേരെ ഏർപ്പെടുത്തിയത്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

യുപിയിലെ ഒരു കച്ചവടക്കാരനായ അജയ് ഫൗജി തന്റെ പച്ചക്കറി വണ്ടിയുടെ മുന്നിൽ നിൽക്കാൻ രണ്ട് ബോഡിഗാർഡിനെ വാടകയ്‌ക്കെടുത്തിട്ടുണ്ട്. തക്കാളിയുടെ വില കൂടുതലായതിനാലാണ് ബൗൺസർമാരെ നിയമിച്ചതെന്ന് ഫൗജി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘തക്കാളി കിലോയ്ക്ക് 160 രൂപയ്ക്കാണ് വിൽക്കുന്നത്. ആളുകൾ അക്രമത്തിൽ ഏർപ്പെടുകയും തക്കാളി പോലും കൊള്ളയടിക്കുകയും ചെയ്യുന്നു. അതിനലാണ് കാവലിനാളിനെ വച്ചത്’, അദ്ദേഹം പറഞ്ഞു.

വീഡിയോയിൽ, തക്കാളിയിൽ തൊടാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ ബോഡീഗാർഡ് ആട്ടിയോടിക്കുന്നത് കാണാം. “കൃപ്യാ തമാറ്റർ കോ മാറ്റ് ചുഹേ” (ദയവായി തക്കാളിയിൽ തൊടരുത്) എന്നെഴുതിയ പ്ലക്കാർഡുകളും ഈ കടയുടെ മുന്നിലുണ്ട്. എന്നാൽ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുകയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയെ പരിഹസിക്കുകയും “തക്കാളിക്ക് ‘ഇസഡ് പ്ലസ്’ സുരക്ഷ ബിജെപി നൽകണമെന്ന് പറയുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്, വില കിലോയ്ക്ക് 250 രൂപ വരെ എത്തിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ചില്ലറ വിപണിയിൽ തക്കാളി കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണ് വിൽക്കുന്നത്. ഗംഗോത്രിധാമിൽ ഒരു കിലോ തക്കാളിക്ക് 250 രൂപയും ഉത്തരകാശിയിൽ 180 മുതൽ 200 രൂപ വരെയുമാണ് വില. ഡൽഹിയിൽ 120 രൂപയും ചെന്നൈയിൽ 117 രൂപയും മുംബൈയിൽ 108 രൂപയുമാണ്.