നിഷ്പക്ഷ വേദിക്കായി ഇന്ത്യ വാശി പിടിച്ചാൽ പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് കായിക മന്ത്രി

0
53

ലോകകപ്പ് മത്സരങ്ങൾ അടുക്കാനിരിക്കെ ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏഷ്യ കപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദിക്കായി വാശി പിടിച്ചാൽ ലോകകപ്പ് മത്സരങ്ങൾക്കായി പാകിസ്ഥാനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് കായിക മന്ത്രി എഹ്‌സാൻ മസാരി വ്യക്തമാക്കുന്നു. ഏഷ്യകപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെടുകയാണെങ്കിൽ ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങൾക്ക് പാകിസ്ഥാൻ നിഷ്പക്ഷ വേദി ആവശ്യപ്പെടുമെന്ന് എഹ്‌സാൻ മസാരി പറയുന്നു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം ഉറപ്പാക്കാൻ ഉന്നതാധികാര സമിതിക്ക് രൂപം നൽകിയതിന് പിന്നാലെയാണ് മസാരി പ്രതികരണവുമെത്തിയത്. ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ അധ്യക്ഷൻ വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിൽ ഏഷ്യൻ ക്രക്കറ്റ് കൗൺസിൽ തലവൻ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ്ഷായും പങ്കെടുക്കുന്നുണ്ട്. ഏഷ്യാ കപ്പ്, ലോകകപ്പ് മത്സരങ്ങളിലെ ഇരുകൂട്ടരുടെയും പങ്കാളിത്തത്തെക്കുറിച്ച് ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യകപ്പ് മത്സരക്രമം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തുമെന്നാണ് സൂചന. എന്നാൽ ഹൈബ്രിഡ് മാതൃകയിൽ മത്സരങ്ങൾ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് മസാരി പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യൻ ഗവൺമെന്റ് അവരുടെ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാത്തതെന്ന് മനസിലാകുന്നില്ലെന്നാണ് മസാരി പറയുന്നത്. മത്സരങ്ങൾക്ക് ഇന്ത്യയിൽ നിന്ന് അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് മസാരി വ്യക്തമാക്കി.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാകപ്പ് മത്സരം നടക്കുക. ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും ശ്രീലങ്കയിലാണ്. ആദ്യ നാലു കളികൾ പാക്കിസ്ഥാനിൽ നടത്തും. 13 മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കുക. മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്കു വിടില്ലെന്ന് ബിസിസിഐ തുടക്കം മുതൽ അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഏഷ്യാകപ്പ് ആതിഥേയത്വം നഷ്ടമായാൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് അടക്കം ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീഷണിമുഴക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി സർക്കാർ അനുമതി നൽകിയാൽ മാത്രം ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കു വരാമെന്നായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്.