ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം, മൂന്നുപേർ കൊല്ലപ്പെട്ടു

0
141

പശ്ചിമ ബംഗാളിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ അക്രമം ആരംഭിച്ചു. കൂച്ച്ബെഹാറില്‍ അക്രമികള്‍ പോളിങ് ബൂത്ത് തകര്‍ത്തു. ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടു. ബസുദേവ്പുരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ ആനന്ദബോസിനെ തടഞ്ഞു. മുര്‍ഷിദാബാദിൽ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും വ്യാപക അക്രമം അരങ്ങേറുകയാണ്.

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 5.67 കോടി വോട്ടർമാരാണ് പോളിങ് ബൂത്തുകളിലെത്തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഇന്നലെ വരെ 15 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മാത്രം 3 പേർ കൊല്ലപ്പെട്ടു.

65,000 കേന്ദ്ര സേനാംഗങ്ങളെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 34% സീറ്റിൽ തൃണമൂൽ കോൺഗ്രസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ അവസ്ഥ ഒഴിവാക്കാൻ ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും കഠിനശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തിൽ തൃണമൂൽ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോൺഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.