ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് ഒമ്പതുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത 4 പേർ പിടിയിൽ

0
91

കര്‍ണാടകയിൽ ഒമ്പതു വയസുകാരി കൂട്ടബലാത്സം​ഗത്തിനിരയായി. കർണാടക കലബുർ​ഗിയിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് പിടികൂടി. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പന്ത്രണ്ടും പതിനാലും വയസ് പ്രായമുള്ളവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്കു മാറ്റി. കേസില്‍ പ്രതിചേർക്കപ്പെട്ട അഞ്ചാമനായുള്ള തിരച്ചിൽ തുടരുകയാണ്.

അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലബുർഗി മഹിള പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് പെൺകുട്ടിയെ അടുത്തുള്ള വീടിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

സ്കൂളിൽനിന്ന് എത്തിയ കുട്ടി വീടിനു പുറത്തുനിൽക്കുകയായിരുന്നു. അപ്പോഴാണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ അമ്മ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട അഞ്ചാമനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ത്യൻ ശിക്ഷാനിയമം 366A, 376(G), 506 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ കേസും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.