അരങ്ങേറ്റം ​ഗംഭീരമാക്കി മിന്നു; ഹർമൻ പവറിൽ ബംഗ്ലാദേശിനെ തകർത്ത് ടീ ഇന്ത്യ

0
155

അരങ്ങേറ്റം ഗംഭീരമാക്കി മിന്നുമണി മിന്നിയ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ബംഗ്ലാദേശ് വനിതകളെ വീഴ്ത്തി. മലയാളി ക്രിക്കറ്റ് ആരാധകരുടെ സ്വപ്നസാഷാത്കാരത്തിന്റെ നിമിഷങ്ങളായിരുന്നു മലയാളികളുടെ മിന്നുവിന്റെ അരങ്ങേറ്റം. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ വിക്കറ്റെടുത്ത് ബംഗ്ലാ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച മിന്നു കേരള ക്രിക്കറ്റിന് അഭിമാന മുഹൂർത്തമൊരുക്കി. വയനാട് ഒണ്ടയങ്ങാടി ചോയിമൂല സ്വദേശിയായ മിന്നുവിന്റെ മികവ് ഇന്ത്യൻ വിജയങ്ങളുടെ കാരണങ്ങളിലൊന്നാകുന്നതിനൊപ്പം, പ്രതിസന്ധിയുടെ ജീവിത കാലത്തെ മറികടന്ന് വിജയത്തിലെത്താൻ ഒരുപറ്റം വനിതകൾക്ക് പ്രചോദനം കൂടിയാവുകയാണ്.

ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 114 റൺസിന് ഒതുക്കിയെങ്കിലും കരുത്തുറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് തുടക്കത്തിലേ തകർച്ച നേരിട്ടു. വെടിക്കെട്ട് ബാറ്റർ ഷഫാലി വർമയെ അക്കൗണ്ട് തുറക്കുന്നതിന് മുൻപേ നഷ്ടമായി. നാലാം ഓവറിൽ 11 റൺസ് നേടി ജെമിമ കൂടി കൂടാരം കയറി. പിന്നീട് തകർത്തടിച്ച ക്യാപറ്റൻ ഹർമൻ പ്രീത് കൗറിന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. പതിനേഴാം ഓവറിൽ വിജയറൺ കുറിച്ചു, ഇന്ത്യൻ വനിതകൾ.

തുടക്കകാരിയുടെ പരിഭവമേതുമില്ലാതെ പന്തെറിഞ്ഞ മിന്നുവിന്റെ ബാറ്റിംഗ് പ്രകടനം കാണാൻ കഴിഞ്ഞില്ലെങ്കിലും അഭിമാന നിമിഷങ്ങളിൽ ആഹ്ലാദിക്കുകയാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ. സ്വപ്നം കണ്ട യാത്ര ഇന്ത്യൻ ജേഴ്സിയിൽ എത്തിനിൽക്കുബോൾ മിന്നു വലിയ പ്രതീക്ഷ കൂടിയാവുകയാണ്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇനിവരുന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ നീലക്കുപ്പായത്തിൽ ഓൾ റൗണ്ട് മികവുമായി മിന്നുവുണ്ടാകും എന്നാണ് പ്രതീക്ഷ. 3 ഓവർ എറിഞ്ഞ് 21 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ മിന്നുവിന്റെ പ്രകടനം ശ്രെദ്ധേയമാകുന്നത് അത് ഒരു കൂട്ടം വനിതകളെ ക്രിക്കറ്റിലേക്ക് ആകർഷിക്കും എന്നത് കൊണ്ട് കൂടിയാണ്.