സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം

0
175

സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം സ്ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. വിവിധതരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധമാണ് തയ്യാറാക്കേണ്ടതെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാർക്കിംഗ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഉന്നതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, എൻഎച്ച്എഐ കേരള റീജ്യണൽ ഓഫീസർ ബി.എൽ. മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.റ്റി.പി, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായെന്ന് ആൻ്റണി രാജു പറഞ്ഞു. 2022 ജൂൺ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളിൽ 344 പേർ മരിക്കുകയും 4172 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂൺ മാസം റോഡപകടങ്ങൾ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 204 വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സാധിച്ചു. ക്യാമറകളുടെ പ്രവർത്തനം ഉന്നതതല യോഗത്തിൽ അവലോകനം ചെയ്തു.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ജൂലൈ 3 വരെ 20,42,542 മോട്ടോർ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്തു. കൂടുതൽ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളിൽ വേരിഫിക്കേഷനിലെ കുടിശിക പൂർത്തിയാക്കുവാനും കെൽട്രോണിനോട് നിർദ്ദേശിച്ചു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ – 73887. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 30213, കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-57032, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 49775, മൊബൈൽ ഫോൺ ഉപയോഗം 1846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 1818 തുടങ്ങിയവയാണ് ജൂൺ 5 മുതൽ ജൂലൈ 3 വരെ കണ്ടെത്തിയത്.

നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുവാൻ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തി. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസൽ ആപ്ലിക്കേഷൻ ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും. റോഡ് വീതി കൂട്ടിയതിനെത്തുടർന്ന് മാറ്റിയ 16 ക്യാമറകളിൽ 10 എണ്ണം ഈ മാസം തന്നെ പുനഃസ്ഥാപിക്കും. അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങൾ NIC വാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയതിനാൽ അവയുടെ നിയമ ലംഘനങ്ങൾക്കു കൂടി പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.