ചൈനയിൽനിന്നും കമ്പനികൾ മാറ്റാൻ നീക്കം, തായ്‌വാന്റെ അടുത്ത ലക്ഷ്യം മുംബൈ

0
142

ചൈനയിൽനിന്നും ഇന്ത്യയിലേക്ക് മാറാനുള്ള നീക്കത്തിലാണ് തായ്‌വാനിലെ മുൻനിര ടെക് സ്ഥാപനങ്ങൾ. മുംബൈയിൽ പുതിയൊരു ഓഫിസ് തുറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തായ്‌വാൻ. ഡൽഹിക്കും ചെന്നൈക്കും ശേഷം ഇന്ത്യയിലെ അവരുടെ മൂന്നാമത്തെ ഓഫിസാണിത്.

ചൈനയിൽ അവരുടെ സാന്നിധ്യം നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തിന് പുറത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ് ‘ചൈന-പ്ലസ്-വൺ’ സ്ട്രാറ്റജിയിലൂടെ തായ്‌പേയ് ലക്ഷ്യമിടുന്നത്. വൺ-ചൈന പോളിസി നിലനിൽക്കുന്നതിനാൽ ഇന്ത്യയ്ക്ക് തായ്‌വാനുമായി ഔപചാരിക നയതന്ത്രബന്ധം ഇല്ലെങ്കിലും, ഇന്ത്യയിൽ ബിസിനസ് നടത്താൻ തായ്‌പേയ് സാമ്പത്തിക സാംസ്‌കാരിക കേന്ദ്രങ്ങൾ തായ്‌വാൻ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ എംബസി ഇല്ലാത്തതിനാൽ ഡൽഹിയിലെ ഓഫീസ് എംബസിയായും ചെന്നൈയിലെ കേന്ദ്രം കോൺസുലേറ്റായും പ്രവർത്തിക്കുന്നു.

“സാമ്പത്തികവും വ്യാപാരവും, ശാസ്ത്രവും സാങ്കേതികവിദ്യയും, നിർണായക വിതരണ ശൃംഖലകൾ, സംസ്കാരം, വിദ്യാഭ്യാസം, പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ റിപ്പബ്ലിക് ഓഫ് ചൈനയും (തായ്‌വാൻ) റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള സഹകരണത്തിൽ സമീപകാല വർഷങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചു,” തായ്‌വാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഈ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ ആർഒസി (തായ്‌വാൻ) ഗവൺമെന്റ് മുംബൈയിൽ തായ്‌പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെന്റർ (ടിഇസിസി) സ്ഥാപിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റവും സഹകരണവും ഇതിലൂടെ കൂടുതൽ ശക്തമാകും. 2012-ൽ ചെന്നൈയിൽ ടിഇസിസി സ്ഥാപിതമായതു മുതൽ തായ്‌വാനീസ് ബിസിനസുകളിൽ 60 ശതമാനവും ഇന്ത്യയിൽ നിക്ഷേപം നടത്തുകയും ഫാക്ടറികൾ തുറക്കുകയും ചെയ്തതിലൂടെ ദക്ഷിണേന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വികസിപ്പിച്ചു. തായ്‌വാൻ ഉൽപ്പാദന വ്യവസായങ്ങൾ നടത്തിയ നിക്ഷേപത്തിലൂടെ ചെന്നൈയും അതിന്റെ പരിസര പ്രദേശങ്ങളും നേട്ടമുണ്ടാക്കി. മുംബൈയിൽ ടിഇസിസി സ്ഥാപിക്കുന്നതിലൂടെ പടിഞ്ഞാറൻ ഇന്ത്യയിലും സമാനമായ ഫലമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.

”2022-ൽ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി, ഈ വർഷം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി. ഭീമാകാരമായ വിപണിയും അനുബന്ധ ബിസിനസ് അവസരങ്ങളും ആഗോള സംരംഭങ്ങളുടെ പ്രധാന നിക്ഷേപ കേന്ദ്രമായി ഇന്ത്യയെ ഉയർത്തി. ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണ് മുംബൈ, രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായി പ്രവർത്തിക്കുന്നു, വലിയ തുറമുഖവുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ മുംബൈയിൽ കോൺസുലേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്,” മുംബൈയിൽ ഓഫീസ് തുറന്നതിനെക്കുറിച്ച് പ്രസ്താവനയിൽ വിശദീകരിച്ചു.

ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരായ തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്‌സ്‌കോണിന് തമിഴ്‌നാട്ടിൽ ഐഫോൺ നിർമ്മാണ കേന്ദ്രമുണ്ട്. അടുത്ത വർഷം ഏപ്രിലോടെ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ഐഫോൺ ഉൽപ്പാദന കേന്ദ്രം കർണാടകയിൽ കമ്പനി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

സ്‌മാർട്ട്‌ഫോണുകൾ, ഡാറ്റാ സെന്ററുകൾ, യുദ്ധവിമാനങ്ങൾ, എഐ സാങ്കേതികവിദ്യകൾ തുടങ്ങി മിക്കവാറും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആവശ്യമായ അർദ്ധചാലകങ്ങളിൽ 70 ശതമാനവും ഏറ്റവും നൂതനമായ ചിപ്പുകളുടെ 90 ശതമാനവും തായ്‌വാനാണ് ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യ വൺ-ചൈന പോളിസി പിന്തുടരുമ്പോൾ, നയതന്ത്ര പ്രവർത്തനങ്ങൾ നടത്താൻ തായ്‌പേയിൽ ഒരു ഓഫീസ് ഉണ്ട്. ഇന്ത്യ-തായ്‌പേയ് അസോസിയേഷൻ എന്ന പേരിൽ ഒരു മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞന്റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. തായ്‌വാനിലെ ഇന്ത്യ-തായ്‌പേയ് അസോസിയേഷനും (ഐടിഎ) ന്യൂഡൽഹിയിലെ തായ്‌പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെന്ററും (ടിഇസിസി) 1995-ൽ ഇന്ത്യൻ, തായ്‌വാൻ എംബസികളായി മാറി. വാണിജ്യം, സംസ്‌കാരം, വിദ്യാഭ്യാസം എന്നിവയിൽ ഇരുരാജ്യവും പരസ്പരം സഹകരണം ഉറപ്പാക്കുന്നു.

ഇന്ത്യയും തായ്‌വാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും ഉയർന്നിട്ടുണ്ട്. 2006-ൽ 2 ബില്യൺ ഡോളറിൽ നിന്ന് 2021-ൽ 8.9 ബില്യൺ ഡോളറായി വ്യാപാരം ഉയർന്നു.