കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. മലപ്പുറത്ത് പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ ഇന്നും മഴ കനക്കും. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.