സംവരണം ഒഴിവാക്കണമെന്ന ഹർജി; പിഴചുമത്തി തള്ളി സുപ്രീംകോടതി

0
132

നിലവിലെ സംവരണരീതി ഒഴിവാക്കി ബദൽ സംവിധാനം ഉണ്ടാക്കാൻ കേന്ദ്രസർക്കാരിന്‌ നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി പിഴ ചുമത്തി തള്ളി. ഹർജിക്കാരനായ അഡ്വ. സച്ചിൻഗുപ്‌തയ്‌ക്ക്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ 25,000 രൂപ പിഴ ചുമത്തി.

നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിനുള്ള ഉത്തമ ഉദാഹരമാണ്‌ ഇത്തരം ഹർജികളെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി അഡ്വക്കേറ്റ്‌സ്‌ വെൽഫെയർ അസോസിയേഷൻ ഫണ്ടിൽ പിഴത്തുക അടച്ച്‌ ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ രസീത്‌ സമർപ്പിക്കണമെന്നും കോടതി ഹർജിക്കാരനോട്‌ നിർദേശിച്ചു മൊത്തം രണ്ട്‌ പൊതുതാൽപര്യ ഹർജികളാണ്‌ അഡ്വ. സച്ചിൻഗുപ്‌ത ഫയൽ ചെയ്‌തിരുന്നത്‌.

ജാതിസംവിധാനം പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ്‌ ആദ്യഹർജിയിൽ ഉന്നയിച്ചിരുന്നത്‌. ഈ ഹർജിയും സുപ്രീംകോടതി തള്ളി. നിലവിലുള്ള സംവരണരീതി ഘട്ടംഘട്ടമായി ഒഴിവാക്കി ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന്‌ ആയിരുന്നു രണ്ടാമത്തെ ഹർജിയിലെ പ്രധാനആവശ്യം. രണ്ട്‌ ഹർജികളും പൊതുതാൽപര്യഹർജി നൽകാനുള്ള അവകാശത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന്‌ കോടതി വിമർശിച്ചു.