ഷാജൻ സ്കറിയയ്ക്കായി ബെം​ഗളുരുവിലും പുണെയിലും തെരച്ചിൽ; പഴുതടച്ച് അന്വേഷണം

0
118

തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്ററെ തെരഞ്ഞ് ഒരു സംഘം അന്വേഷണ ഉദ്യോ​ഗസ്ഥർ ബെം​ഗളുരുവിൽ. മറ്റൊരു സംഘം അന്വേഷണ ഉദ്യോ​ഗസ്ഥർ പുണെയിലും എത്തിയിട്ടുണ്ട്. ഷാജൻ സ്കറിയ സംസ്ഥാനത്തിനു പുറത്തേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഒഴിവാക്കിയാണ് ഇയാൾ സഞ്ചരിക്കുന്നതെന്നാണ് വിവരം.

ഷാജനെ കണ്ടെത്തുന്നതിന്റെ ഭാ​ഗമായി മറുനാടൻ മലയാളിയുടെ വിവിധ ഒഫീസുകളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ ഇയാളെ എത്രയും വേ​ഗം അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. പി വി ശ്രീനിജൻ എംഎൽഎക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് നടപടി കടുപ്പിച്ചത്. പട്ടികജാതി-പട്ടികവർ​ഗ പീഡന നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ഷാജനെതിരെ കേസെടുത്തിരിക്കുന്നത്.

Also Read: ഷാജൻ സ്കറിയ സംസ്ഥാനം വിട്ടു; ഒളിവിൽ കഴിയുന്നത് ബെം​ഗളുരുവിൽ!

ഷാജനെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സഹേബ് വ്യക്തമാക്കിയിരുന്നു. മറുനാടൻ മലയാളിയുടെ വിവിധ ഓഫീസുകളിലെ റെയ്ഡിനു പിന്നാലെയാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം മുൻകൂർ ജാമ്യാപേക്ഷയുമായി ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ഷാജൻ അപ്പീൽ നൽകിയത്. ഷാജന്റെ ഓൺലൈൻ ചാനലിൽ വന്ന വീഡിയോ അപകീർത്തിപരമാണെന്ന നിരീക്ഷണത്തോടെയാണ് ഷാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.