അമുൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് വ്യാജപ്രചരണം, യുവാവിനെതിരെ അപകീർത്തി കേസ്

0
170

ഗുജറാത്തിൽ അമുൽ ബ്രാൻഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെതിരെ കേസ്. അമുൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാണ് ആരോപണം. അമുൽ ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള ‘ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ’ നിർമ്മാണ യൂണിറ്റായ ‘അമുൽഫെഡി’യിലെ ഉദ്യോഗസ്ഥനാണ് പരാതി നൽകിയത്.

അമുലിന്റെ പാക്കറ്റ് പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് ഗാന്ധിനഗർ സ്വദേശിയായ ലക്ഷ്മികാന്ത് അടുത്തിടെ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചിരുന്നു. ഒരു സർക്കാർ ലബോറട്ടറി ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. വീഡിയോയ്‌ക്കെതിരെ അമുൽഫെഡിലെ സീനിയർ സെയിൽസ് മാനേജരായ അങ്കിത് പരീഖ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അദാലജ് പൊലീസ് ചൊവ്വാഴ്ച ലക്ഷ്മികാന്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ലക്ഷ്മികാന്തിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണ്. അമുൽ ബ്രാൻഡിന്റെ അന്തസ്സ് വ്രണപ്പെടുത്താനും കിംവദന്തികൾ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വീഡിയോയെന്നും പരാതിയിൽ പറയുന്നു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 500 (അപകീർത്തിപ്പെടുത്തൽ), 505 (പൊതുജനദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) പ്രകാരമാണ് പാർമറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഇൻസ്പെക്ടർ എസ് ആർ മുച്ചാൽ പറഞ്ഞു.