പാലക്കാട് ചെർപ്പുളശ്ശേരിയിൽ ശൈശവ വിവാഹം നടനെന്ന പരാതിയിൽ ശിശുക്ഷേമ സമിതി പൊലീസിനോടു റിപ്പോർട്ട് തേടി. ചെർപ്പുളശ്ശേരി തൂത ക്ഷേത്രത്തിൽ മുപ്പത്തിരണ്ടുകാരൻ പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയെ വിവാഹം കഴിച്ചെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം. കഴിഞ്ഞമാസം 29 ന് നൂറിലധികമാളുകളുടെ സാന്നിധ്യത്തിൽ പതിനേഴുകാരിയുടെ വിവാഹം നടന്നെന്ന പരാതിയിലാണ് ശിശുക്ഷേമ സമിതി അന്വേഷണം നടത്തിയത്. ബാലവിവാഹ നിരോധന നിയമം ചുമത്തി വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടിൽ മണികണ്ഠൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരേയാണ് ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തത്.
ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരം മണ്ണാർക്കാട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം. അന്വേഷണം തുടങ്ങിയതോടെ വധൂവരൻമാരും മാതാപിതാക്കളും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ കുടുംബത്തിൻറെ സാമ്പത്തിക പരാധീനത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
മണ്ണാർക്കാട്, ചെർപ്പുളശേരി പൊലീസ് സ്റ്റേഷനുകളിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി തുടർനടപടികൾ സ്വീകരിക്കും.
വധുവിൻറെ പ്രായത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. ജനന സർട്ടിഫിക്കറ്റ് പരിശോധിച്ച് പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തിയാൽ വിവാഹത്തിന് നേരിട്ട് സഹായം നൽകിയവർക്കുമെതിരെയും പൊലീസ് കേസെടുക്കും. നാട്ടുകാരില്‍ നിന്നുള്‍പ്പെടെ വിവരം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.