പരിശോധനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും നൂതന ടാബുകള്‍

0
98

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകള്‍ വിതരണം ചെയ്തു. സംസ്ഥാനതല വിതരണോദ്ഘാടനം സെക്രട്ടറിയേറ്റില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഇതിലൂടെ സഹായിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ എല്ലാ പരിശോധനകളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ഫലപ്രദമായി നടത്തുന്നതിനായാണ് വേഗതയുളള ടാബുകള്‍ ലഭ്യമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലുപയോഗിക്കുന്ന ടാബുകള്‍ വേഗത കുറവും കേടുപാടുകളും കാരണം പരിശോധനകളില്‍ കാലതാമസം നേരിടുന്ന സാഹചര്യമുണ്ടായി. ഇത് പരിഹരിയ്ക്കുന്നതിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുന്നതിന്റെയും ഭാഗമായാണ് 5 ജി സപ്പോര്‍ട്ടോടു കൂടിയുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ടാബുകള്‍ സജ്ജമാക്കിയത്. 100 ടാബുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 40 ടാബുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് 98 കമ്പ്യൂട്ടറുകളും പ്രിന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. 19.42 ലക്ഷം രൂപ വിനിയോഗിച്ചാണ് ടാബുകളും 62.72 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്പ്യൂട്ടറുകളും സജ്ജമാക്കിയിരിക്കുന്നത്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.